ഇതാ എന്നെ ഉപദ്രവിച്ചയാൾ ഈ സദസ്സിലുണ്ട്, സകലരേയും ഞെട്ടിച്ചുകൊണ്ട് മിസ് കൻസാസിന്റെ പ്രതികരണം
'എന്നോട് അതിക്രമം കാണിച്ചയാൾ ഇന്ന് ഈ സദസ്സിൽ ഉണ്ട്. എന്നാൽ ഈ മിസ് കൻസാസ് സ്റ്റേജിൽ ആയിരിക്കുന്നതിൽ നിന്നും, അടുത്ത മിസ് കൻസാസ് ആയി മാറുന്നതിൽ നിന്നും അതെന്നെ തടയാൻ പോകുന്നില്ല. കാരണം എനിക്കും എന്റെ സമൂഹത്തിനും ആരോഗ്യകരമായ ബന്ധങ്ങൾക്ക് അർഹതയുണ്ട്'
വീടിനകത്തും പുറത്തുമായി ദിവസേന അതിക്രമങ്ങളെയും പീഡനങ്ങളെയും അതിജീവിച്ചു കഴിയുന്ന അനേകം സ്ത്രീകളുണ്ട്. അത് ഇന്ത്യയിലായാലും ലോകത്ത് എവിടെയായാലും അങ്ങനെ തന്നെയാണ്. സ്ത്രീകളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ തന്നെയാണ് ബഹുഭൂരിപക്ഷം പുരുഷന്മാരും ശ്രമിക്കാറ്. ചിലരാവട്ടെ അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കാറുമുണ്ട്. അതേക്കുറിച്ച് തുറന്ന് പറയാൻ സാധിക്കുന്ന സ്ത്രീകൾ വളരെ കുറവായിരിക്കും. ഏതായാലും, അടുത്തിടെ മിസ് കൻസാസ് ആയി തെരഞ്ഞെടുക്കപ്പെട്ട അലക്സിസ് സ്മിത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
ജൂണിലാണ് അലക്സിസ് മിസ് കൻസാസ് കിരീടം സ്വന്തമാക്കിയത്. എന്നാൽ, അന്നത്തെ മത്സരത്തിന്റെ അവസാന അഭിമുഖത്തിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നത്. വിജയിച്ചാൽ മിസ് കൻസാസ് ഓർഗനൈസേഷനെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനുള്ള അവളുടെ ഉത്തരം ഗാർഹിക പീഡനം അവസാനിപ്പിക്കാൻ താൻ പോരാടും എന്നായിരുന്നു. പിന്നാലെയാണ് ആരും പ്രതീക്ഷിക്കാത്ത ഒരു പരാമർശം കൂടി അവൾ നടത്തിയത്. തന്നെ ഉപദ്രവിച്ചയാൾ ഈ സദസ്സിൽ ഉണ്ടെന്നായിരുന്നു അലക്സിസ് പറഞ്ഞത്.
അനാരോഗ്യകരവും അതിക്രമമുള്ളതുമായ ബന്ധം അവസാനിപ്പിക്കുക എന്നതാണ് തന്റെ കാഴ്ച്ചപ്പാട് എന്നായിരുന്നു അലക്സിസ് പറഞ്ഞത്. പിന്നാലെ, 'വാസ്തവത്തിൽ, ഈ സദസ്സിലുള്ള നിങ്ങളിൽ ചിലരെങ്കിലും എന്നെ വളരെ വൈകാരികതയുള്ളവളായി കണക്കാക്കുന്നുണ്ടാകാം. കാരണം, എന്നോട് അതിക്രമം കാണിച്ചയാൾ ഇന്ന് ഈ സദസ്സിൽ ഉണ്ട്. എന്നാൽ ഈ മിസ് കൻസാസ് സ്റ്റേജിൽ ആയിരിക്കുന്നതിൽ നിന്നും, അടുത്ത മിസ് കൻസാസ് ആയി മാറുന്നതിൽ നിന്നും അതെന്നെ തടയാൻ പോകുന്നില്ല. കാരണം എനിക്കും എന്റെ സമൂഹത്തിനും ആരോഗ്യകരമായ ബന്ധങ്ങൾക്ക് അർഹതയുണ്ട്' എന്നായിരുന്നു അവൾ പറഞ്ഞത്.
എന്നാൽ, ആരാണ് താൻ പരാമർശിക്കുന്ന ആൾ എന്നത് അവൾ വ്യക്തമാക്കിയിരുന്നില്ല. പക്ഷേ, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താൻ ആ അനുഭവത്തിന്റെ മുറിവിൽ നിന്നും മോചിതയാകുന്നതേയുണ്ടായിരുന്നുള്ളൂ എന്നിട്ടും മൗനമായിരിക്കുന്നില്ല എന്നാണ് തീരുമാനിച്ചത് എന്നും അവൾ കുറിച്ചു. തന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയും തന്നെ കണ്ടുകൊണ്ടിരിക്കുന്നവർക്കും കേട്ടുകൊണ്ടിരിക്കുന്നവർക്കും വേണ്ടിയുമാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അവൾ പറഞ്ഞത്.