16 കൊല്ലമായി ആംബുലൻസ് സ്റ്റേഷനിലെ അന്തേവാസി, വയസുകാലത്ത് പൂച്ചയെ മാറ്റരുത് എന്ന് ആവശ്യപ്പെട്ട് പെറ്റീഷൻ
ആംബുലൻസ് ജീവനക്കാർ ദത്തെടുത്തപ്പോൾ മുതൽ ഡെഫിബ് ജനപ്രിയനാണ്. തങ്ങളുടെ സമ്മർദ്ദം കുറക്കാൻ ഈ പൂച്ച ഏറെ സഹായിച്ചിട്ടുണ്ട് എന്നാണ് ചില ജീവനക്കാർ പറയുന്നത്.
കഴിഞ്ഞ 16 വർഷമായി ലണ്ടനിലെ വാൾതാംസ്റ്റോ ആംബുലൻസ് സ്റ്റേഷനിലാണ് ഡെഫിബ് എന്ന പൂച്ച കഴിയുന്നത്. എന്നാൽ, ഇപ്പോൾ അവിടെ നിന്നും അവനെ മാറ്റാനുള്ള ഒരുക്കം നടക്കുകയാണത്രെ. പുതിയ മാനേജ്മെന്റ് ചാർജ്ജെടുത്തതോടെയാണ് പൂച്ചയെ ഇവിടെ നിന്നും മാറ്റേണ്ടി വരും എന്ന അവസ്ഥ ഉണ്ടായത്.
വളരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ രക്ഷിച്ചെടുത്ത പൂച്ചയെ ആംബുലൻസ് സ്റ്റേഷൻ ദത്തെടുക്കുകയായിരുന്നു. അന്നുമുതൽ അവൻ അവിടുത്തെ അന്തേവാസിയാണ്. ലണ്ടൻ ആംബുലൻസ് സർവീസും പറയുന്നത് ഡെഫിബിനെ അവിടെ നിന്നും മാറ്റുന്നതാണ് നല്ലത് എന്നാണ്. പൂച്ചയുടെ തന്നെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിയാണ് അതിനെ അവിടെ നിന്നും മാറ്റുന്നത് എന്നാണ് മാനേജ്മെന്റ് പറയുന്നത്. ഒപ്പം പുതിയ സ്റ്റാഫിൽ ചിലർക്ക് പൂച്ചയുടെ രോമം അലർജിയാണ് എന്നും പറയുന്നു.
ആംബുലൻസ് ജീവനക്കാർ ദത്തെടുത്തപ്പോൾ മുതൽ ഡെഫിബ് ജനപ്രിയനാണ്. തങ്ങളുടെ സമ്മർദ്ദം കുറക്കാൻ ഈ പൂച്ച ഏറെ സഹായിച്ചിട്ടുണ്ട് എന്നാണ് ചില ജീവനക്കാർ പറയുന്നത്. അതിനാൽ തന്നെ അവന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നു എന്നും അവർ പറയുന്നു.
എന്നാൽ, പൂച്ചയുടെ ആരോഗ്യം മോശമാണ് എന്നും പ്രായമായി എന്നും അതിനാൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം, ഡെഫിബിനെ ആ സ്റ്റേഷനിൽ തന്നെ താമസിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 62,000 ആളുകൾ ഒപ്പിട്ട ഒരു പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ട്.
ഈ പ്രായമായ കാലത്ത് അവന് പ്രിയപ്പെട്ടതും പരിചിതമായതുമായ സ്ഥലത്ത് നിന്നും ആളുകളിൽ നിന്നും പിരിക്കുന്നത് ക്രൂരമാണ് എന്നും ഇവർ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം