സ്ത്രീകൾ കടുത്ത ദാരിദ്ര്യത്തിൽ, ആനുകൂല്യങ്ങൾ ഏറെയും കിട്ടുന്നത് പുരുഷന്മാർക്ക്, യുഎൻ റിപ്പോർട്ട് 

ആഗോളതലത്തിൽ 63 ശതമാനത്തിലധികം സ്ത്രീകൾക്കും ഇപ്പോഴും പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സബ്-സഹാറൻ ആഫ്രിക്കയിൽ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.

two billion women lack social protection un report

ലോകത്ത് രണ്ട് ബില്ല്യൺ സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് നേഷൻസ് വിമെന്‍ (United Nations Women). വലിയ സ്ത്രീ-പുരുഷ അസമത്വമാണ് ഇക്കാര്യത്തിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിന( International Day for the Eradication of Poverty)ത്തിന് മുന്നോടിയായി ഇറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

രണ്ട് ബില്ല്യൺ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പണമായിട്ടുള്ള ആനുകൂല്ല്യങ്ങളോ, തൊഴിലില്ലായ്മ വേതനമോ, പെൻഷനോ, ആരോ​ഗ്യരം​ഗത്തെ ആനുകൂല്ല്യങ്ങളോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സർവേ റിപ്പോർട്ട് 2024 ഒക്‌ടോബർ 15 -നാണ് പുറത്തിറങ്ങിയത്. 

2015 മുതൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സാമൂഹിക സുരക്ഷാ പദ്ധതിയിലെ ആനുകൂല്യങ്ങളിൽ വലിയ ലിം​ഗ അസമത്വമാണുള്ളത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പല വികസ്വര പ്രദേശങ്ങളിലും ഇത് വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെയും  കുട്ടികളെയും പിന്നിലാക്കി പുരുഷന്മാരിലേക്കാണ് ആനുകൂല്യങ്ങൾ കൂടുതലായും എത്തിപ്പെടുന്നത് എന്നാണ് ഈ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ആഗോളതലത്തിൽ 63 ശതമാനത്തിലധികം സ്ത്രീകൾക്കും ഇപ്പോഴും പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സബ്-സഹാറൻ ആഫ്രിക്കയിൽ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ സാമ്പത്തികസഹായങ്ങൾ ലഭിക്കാത്തത് അവരുടെ പ്രസവവും കുട്ടികളുടെ ക്ഷേമവും അമ്മമാരുടെ ആരോ​ഗ്യവും സാമ്പത്തികവും അടക്കം എല്ലാത്തിനേയും പ്രതികൂലമായി ബാധിക്കുന്നു. 

സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരെ അപേക്ഷിച്ച് വലിയ ദാരിദ്ര്യത്തിലാണ് കഴിയുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കടുത്ത ദാരിദ്ര്യം നേരിടുന്ന വീടുകളിൽ 25-34 വയസ് പ്രായമുള്ള സ്ത്രീകൾക്ക് അതേ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ 25 ശതമാനം കൂടുതൽ ദാരിദ്ര്യം നേരിടേണ്ടി വരുന്നു. 

സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഈ അസമത്വം കൂടുതൽ വഷളാക്കുന്നു. ഇത്തരം പ്രതിസന്ധികൾ ഉള്ള മേഖലകളിൽ താമസിക്കുന്ന സ്ത്രീകൾ, മെച്ചപ്പെട്ട സ്ഥലങ്ങളിലെ സ്ത്രീകളേ‍ക്കാൾ 7.7 മടങ്ങാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. 

അതേസമയം, 171 രാജ്യങ്ങളിലായി ഗവൺമെൻ്റുകൾ ഏർപ്പെടുത്തിയ ഏകദേശം 1,000 സാമൂഹിക സുരക്ഷാ ആനുകൂല്ല്യപദ്ധതികളിൽ 18 ശതമാനം മാത്രമാണ് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios