ദിനോസറുകളുടെ വംശനാശത്തിന് ശേഷം ഭൂമിയിൽ കറങ്ങിനടന്നു, ആ ഇത്തിരിക്കുഞ്ഞൻ മൃഗം ഇതാണ്
കഴിഞ്ഞ എട്ടുവർഷമായി നടത്തിവരുന്ന പഠനത്തിനിടയിൽ ഇവയുടെ വളരെ കുറച്ചു ഫോസിലുകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തുടർ പഠനത്തിന് കൂടുതൽ ഫോസിലുകൾ കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു.
എലിയുടെ വലുപ്പവും 455 ഗ്രാം വരെ ഭാരവും... ദിനോസറുകളുടെ വംശനാശത്തിന് തൊട്ടുപിന്നാലെ ഭൂമിയിൽ കറങ്ങി നടന്നത് ഈ ഇത്തിരി കുഞ്ഞൻ ജീവികളായിരുന്നത്രെ. അടുത്തിടെ തിരിച്ചറിഞ്ഞ ഈ ജീവികളുടെ പേര് മിലിറ്റോകോഡോൺ ലിഡേ എന്നാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മാൻ, പശു, പന്നി എന്നിവയുൾപ്പെടെയുള്ള സസ്തനികളുടെ മുൻഗാമികളാണ് ഈ ഇത്തിരി കുഞ്ഞൻ ജീവികൾ.
'ജേണൽ ഓഫ് മാമാലിയൻ എവല്യൂഷനി'ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ ജീവികൾ ഏകദേശം 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ജീവിച്ചിരുന്നത്. ആ കാലഘട്ടത്തിലെ പാറകളിൽ നിന്ന് മിലിറ്റോകോഡോൺ ലിഡേയുടെ ഫോസിൽ തലയോട്ടിയും താടിയെല്ലുകളും കണ്ടെത്തിയതിനാൽ ഇവ ദിനോസറുകളുടെ വംശനാശത്തിന് തൊട്ടുപിന്നാലെയാണ് ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളറാഡോയിലുള്ള കോറൽ ബ്ലഫ്സ് എന്ന സൈറ്റിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെടുത്തത്. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിന് ശേഷം സസ്തനികളിൽ ഉണ്ടായ വൈവിധ്യവൽക്കരണത്തെക്കുറിച്ച് സുപ്രധാനമായ സൂചനകൾ ഈ കണ്ടെത്തൽ നൽകുന്നതായി ഗവേഷകർ പറഞ്ഞു.
കഴിഞ്ഞ എട്ടുവർഷമായി നടത്തിവരുന്ന പഠനത്തിനിടയിൽ ഇവയുടെ വളരെ കുറച്ചു ഫോസിലുകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തുടർ പഠനത്തിന് കൂടുതൽ ഫോസിലുകൾ കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു.
പഠനത്തിൽ കണ്ടെത്തിയ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് ഇവയുടെ പല്ലുകൾ ഭക്ഷണം കടിച്ച് പൊടിക്കുന്നതിനു പകരം വെട്ടിയെടുക്കാനും ചതയ്ക്കാനുമാണ് ഉപയോഗിച്ചിരുന്നത് എന്നതാണ്. ഈ കണ്ടത്തലാണ് മാനുകളുടെയും പശുക്കളുടെയും പന്നികളുടെയും ഒക്കെ പൂർവികരാകാം ഈ ഇത്തിരി കുഞ്ഞന്മാർ എന്ന നിരീക്ഷണത്തിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം