'പാമ്പുകളെ കൊന്നു തിന്നുന്ന കാട്ടാട്' എന്ന് പേര്; കാഴ്ചയിൽ ഭീകരൻ, പക്ഷേ നൈനിറ്റാൾ മൃഗശാലയിലെ വിഐപി
സ്ക്രൂ പോലെ വട്ടം ചുറ്റിയിരിക്കുന്ന കൊമ്പുകൾ ഉപയോഗിച്ച് ഇവയ്ക്ക് പാമ്പുകളെ വളരെ വേഗത്തിൽ കൊല്ലാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. കൊന്ന ശേഷം ഈ ആടുകൾ അവയെ ഭക്ഷിക്കുമെന്നും പറയപ്പെടുന്നു.
ഉത്തരാഖണ്ഡിലെ കുമയൂണിലെ നൈനിറ്റാളിൽ ഏറെ പ്രശസ്തമായ മൃഗശാലകളിൽ ഒന്നാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല. ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുപോലും വിവിധയിനം വന്യമൃഗങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പാകിസ്ഥാൻ സ്വദേശിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ മൃഗങ്ങളിൽ ഒന്നായ മാർഖോറും ഇവിടുത്തെ അന്തേവാസിയാണ്. സ്ക്രൂ-കൊമ്പ് അല്ലെങ്കിൽ സ്ക്രൂ-കൊമ്പുള്ള ആട് എന്ന പേരിലാണ് മാർഖോർ അറിയപ്പെടുന്നത്.
മൃഗശാലയിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മാർഖോർ. ക്ലാസിക്കൽ പേർഷ്യൻ ഭാഷയിൽ, മാർഖോർ എന്നാൽ പാമ്പിനെ തിന്നുന്നവൻ എന്നാണ് അർത്ഥം. സ്ക്രൂ പോലെ വട്ടം ചുറ്റിയിരിക്കുന്ന കൊമ്പുകൾ ഉപയോഗിച്ച് ഇവയ്ക്ക് പാമ്പുകളെ വളരെ വേഗത്തിൽ കൊല്ലാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. കൊന്ന ശേഷം ഈ ആടുകൾ അവയെ ഭക്ഷിക്കുമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിന് വ്യക്തമായ തെളിവുകളൊന്നുമില്ലന്നാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാലയിലെ സൂ ബയോളജിസ്റ്റ് അനൂജ് പറയുന്നത്.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലാണ് ഈ മൃഗം കാണപ്പെടുന്നതെന്നാണ് അനൂജ് പറയുന്നത്. അദ്ദേഹം പറയുന്നതനുസരിച്ച്, ഡാർജിലിംഗുമായി നടത്തിവരുന്ന മൃഗങ്ങളുടെ കൈമാറ്റത്തിനിടയിലാണ് അവിടെ നിന്നും 2014 ൽ ഒരു ജോഡി മാർഖോറിനെ നൈനിറ്റാൾ മൃഗശാലയിലേക്ക് കൊണ്ടുവന്നത്.
യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റ് അനുസരിച്ച്, 2014 -ൽ മാർഖോറിനെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടയാടൽ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആവാസവ്യവസ്ഥയുടെ നഷ്ടം, എന്നിവയാണ് ഈ ഇനത്തിൻ്റെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി. ലോകത്ത് ഈ ജീവിവർഗങ്ങളുടെ അവശേഷിക്കുന്ന എണ്ണം ഏകദേശം 5,700 ആണ്.