അപരിചിതന്റെ കാറിന്റെ നമ്പർ തുണച്ചു, ലോട്ടറിയടിച്ചത് 41 ലക്ഷം
മിക്കവാറും ലോട്ടറിയെടുക്കുന്ന ആളാണ് ഇദ്ദേഹം. കളിക്കാൻ തെരഞ്ഞെടുക്കുന്ന അക്കങ്ങൾ വിവിധ കാറുകളുടേതായിരിക്കും പോലും.
ലോട്ടറിയടിക്കുക എന്നാൽ ഭാഗ്യമാണ് എന്ന് നമ്മളെല്ലാവരും പറയാറുണ്ട്. പ്രത്യേകിച്ച് അധ്വാനമൊന്നും കൂടാതെ ഇത്രയധികം പണം കയ്യിൽ വരാൻ വേറെന്താണ് മാർഗം അല്ലേ? ലോട്ടറിയെടുക്കുമ്പോൾ പലതരത്തിലും അതിലെ നമ്പർ നോക്കി തെരഞ്ഞെടുക്കുന്നവരുണ്ട്. അവസാനത്തെ അക്കം നോക്കിയെടുക്കുന്നവരുണ്ട്, പ്രത്യേക തീയതികളിലെ അക്കം നോക്കി എടുക്കുന്നവരുണ്ട് അങ്ങനെ പോകുമത്. എന്നാൽ, അമേരിക്കയിൽ നിന്നുള്ള ഒരാൾക്ക് 41 ലക്ഷം ലോട്ടറിയടിച്ചത് ഒരു അപരിചിതന്റെ കാർ നമ്പർ തെരഞ്ഞെടുത്തിന് പിന്നാലെയാണ്.
20533 എന്ന നമ്പറാണ് താനുപയോഗിച്ചത് എന്ന് ഇയാൾ പറയുന്നു. പ്രിൻസ് ജോർജ്ജ് കൗണ്ടിയിലെ ഹയാറ്റ്‌സ്‌വില്ലെയിൽ നിന്നുള്ള ഇയാൾ തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണ് പറഞ്ഞിരിക്കുന്നത്. മേരിലാൻഡ് ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. മിക്കവാറും ലോട്ടറിയെടുക്കുന്ന ആളാണ് ഇദ്ദേഹം. കളിക്കാൻ തെരഞ്ഞെടുക്കുന്ന അക്കങ്ങൾ വിവിധ കാറുകളുടേതായിരിക്കും പോലും.
ഒന്നുകിൽ വഴിയരികിൽ അപകടത്തിൽ പെട്ട് കിടക്കുന്ന കാറുകൾ, അതുപോലെ തന്നേക്കാൾ വേഗത്തിൽ പോയി തന്റെ മുന്നിലെത്തുന്ന കാറുകൾ ഇതിന്റെയെല്ലാം നമ്പറുകൾ ഓർമ്മിച്ച് വയ്ക്കും, പിന്നീട് ആ നമ്പർ കളിക്കും. അങ്ങനെ തെരഞ്ഞെടുത്ത ഒരു കാറിന്റെ നമ്പറാണ് ഇയാൾക്ക് 41 ലക്ഷത്തിന്റെ സമ്മാനം നേടിക്കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയിരിക്കുന്ന ഈ തുക താൻ തന്റെ പേരക്കുട്ടിയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ഇടും എന്നും ഇയാൾ മേരിലാൻഡ് ലോട്ടറി അധികൃതരോട് പറഞ്ഞത്രെ.
ഇതുപോലെ 41 ലക്ഷം ലോട്ടറിയടിച്ച മറ്റൊരു വ്യക്തി പറഞ്ഞത് താൻ തന്റെ മുത്തശ്ശി പറഞ്ഞു തരുന്ന നമ്പറാണ് ലോട്ടറിയിൽ തെരഞ്ഞെടുക്കുന്നത് എന്നാണ്. അങ്ങനെ, മുത്തശ്ശി പറഞ്ഞുതന്ന നമ്പറാണ് തനിക്ക് 41 ലക്ഷം രൂപയുടെ ഭാഗ്യം കൊണ്ടുത്തന്നത് എന്നും ഇയാൾ പറഞ്ഞു.