'സ്വർണം കെട്ടിയ തോക്കുകൾ'; നെപ്പോളിയൻ ചക്രവർത്തി ജീവനെടുക്കാനായി സൂക്ഷിച്ച തോക്കുകൾ വിറ്റുപോയത് 15 കോടിയ്ക്ക്
1814ൽ വിദേശ ശക്തികൾക്ക് മുന്നിൽ തോറ്റതിന് പിന്നാലെ വലിയ വിഷാദത്തിലേക്കാണ് നെപ്പോളിയൻ കൂപ്പുകുത്തിയത്. ഇക്കാലത്ത് ആത്മഹത്യ ചെയ്യാനായി നെപ്പോളിയൻ കരുതി വച്ച തോക്കാണ് ഞായറാഴ്ച വിറ്റുപോയത്.
പാരിസ്: നെപ്പോളിയൻ ബോണപാർട്ട് ജീവനൊടുക്കാനായി സൂക്ഷിച്ചിരുന്ന തോക്ക് ലേലത്തിൽ വിറ്റത് 15 കോടി രൂപയ്ക്ക്. ഞായറാഴ്ച ഫ്രാൻസിൽ നടന്ന ലേലത്തിലാണ് ഫ്രെഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപാർട്ടിന്റെ രണ്ട് തോക്കുകൾ വൻ തുകയ്ക്ക് വിറ്റ്പോയത്. 1814ൽ വിദേശ ശക്തികൾക്ക് മുന്നിൽ തോറ്റതിന് പിന്നാലെ വലിയ വിഷാദത്തിലേക്കാണ് നെപ്പോളിയൻ കൂപ്പുകുത്തിയത്. ഇക്കാലത്ത് ആത്മഹത്യ ചെയ്യാനായി നെപ്പോളിയൻ കരുതി വച്ച തോക്കാണ് ഞായറാഴ്ച വിറ്റുപോയത്.
നെപ്പോളിയന്റെ സായുധ സഹചാരി തോക്കിൽ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതിനാൽ വെടിയുതിർത്ത് മരിക്കാൻ സാധിക്കാതെ വന്ന നെപ്പോളിയൻ വിഷം കഴിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഈ തോക്കുകൾ നെപ്പോളിയൻ സഹചരന് നൽകി നന്ദി രേഖപ്പെടുത്തിയിരുന്നു. എൽബ ദ്വീപിലെ വാസകാലത്തിന് ശേഷം വീണ്ടും ഫ്രാൻസിലേക്ക് തിരികെ എത്താനിരിക്കെയാണ് 1815 ലെ വാട്ടർ ലൂ യുദ്ധത്തിൽ ബ്രിട്ടീഷുകാർ നെപ്പോളിയനെ തോൽപ്പിക്കുന്നത്. ഇതിന് ആറ് വർഷത്തിന് ശേഷം സെന്റ് ഹെലന ദ്വീപിൽ വച്ചാണ് നെപ്പോളിയൻ മരിക്കുന്നത്.
അടുത്തിടെ നെപ്പോളിയന്റെ വസ്തുക്കൾ രാജ്യത്തിന്റെ സ്വത്തായി ഫ്രാൻസ് പ്രഖ്യാപിച്ചതിനാൽ ഈ തോക്കുകൾ വാങ്ങിച്ചയാൾക്ക് രാജ്യത്തിന് പുറത്തേക്ക് സ്ഥിരമായി കൊണ്ടുപോകാനാവില്ല. ഫ്രാൻസിലേക്ക് തിരികെ കൊണ്ടുവരാമെന്ന ഉറപ്പിൽ മാത്രമാണ് ഉടമയ്ക്ക് ഇവയെ രാജ്യത്തിന് പുറത്തുള്ള പ്രദർശനത്തിന് അടക്കം കൊണ്ടുപോകാനാവൂ എന്നാണ് വ്യവസ്ഥ. സ്വർണവും വെള്ളിയും കൊണ്ട് വലിയ രീതിയിൽ അലങ്കരിച്ച തോക്കുകളിൽ നെപ്പോളിയന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. നെപ്പോളിയൻ ബോണപാർട്ട് ഉപയോഗിച്ച വസ്തുക്കൾക്ക് വലിയ ഡിമാൻഡാണ് പുരാവസ്തു പ്രേമികൾക്കുള്ളത്. കഴിഞ്ഞ നവംബറിൽ 17 കോടിയിലധികം രൂപയ്ക്കാണ് വിറ്റ് പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം