എങ്ങനെ സാധിക്കുന്നു? മണിക്കൂറിൽ 100 കിമി വേഗത്തിലോടുന്ന ട്രെയിനിന് മുകളിൽ കിടന്നുറങ്ങി യുവാവ്
ആദ്യം അയാൾ മരിച്ചു കിടക്കുന്നതാണ് എന്നാണ് പോലീസ് കരുതിയത്. എന്നാൽ പിന്നീടാണ് ഇയാൾക്ക് ജീവനുണ്ടെന്നും ട്രെയിനിനു മുകളിൽ കിടന്നുറങ്ങുകയാണെന്നും പോലീസിന് മനസ്സിലായത്.
100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ മുകളിൽ കിടന്നുറങ്ങിയ ആൾ പിടിയിൽ. ട്രെയിനിന്റെ റൂഫിൽ കിടന്ന് ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്ത 30 -കാരനാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് 11,000 വോൾട്ട് ഇലക്ട്രിക് ലൈനുമായി ഉണ്ടായിരുന്നത്. ഭാഗ്യവശാൽ ഇലക്ട്രിക് ലൈനുമായി സമ്പർക്കം പുലർത്താതിരുന്നതിനാൽ ഇയാൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഗോരഖ്പൂരിലേക്കുള്ള ഹംസഫർ എക്‌സ്പ്രസ് ട്രെയിൻ കാൺപൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) ട്രെയിനിൻ്റെ മുകളിൽ കിടക്കുന്ന ആളെ ശ്രദ്ധിച്ചത്.
ആദ്യം അയാൾ മരിച്ചു കിടക്കുന്നതാണ് എന്നാണ് പോലീസ് കരുതിയത്. എന്നാൽ പിന്നീടാണ് ഇയാൾക്ക് ജീവനുണ്ടെന്നും ട്രെയിനിനു മുകളിൽ കിടന്നുറങ്ങുകയാണെന്നും പോലീസിന് മനസ്സിലായത്. തുടർന്ന് റെയിൽവേ പോലീസ് ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ ട്രെയിനിൻ്റെ മുകളിൽ കയറി സ്റ്റേഷൻ പരിസരത്തെ ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകൾ മുറിച്ചുമാറ്റി യുവാവിനെ താഴെയിറക്കി. ശേഷം ജിആർപിയും റെയിൽവേ പോലീസ് സേനയും (ആർപിഎഫ്) ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് 20 മിനിറ്റ് വൈകി ട്രെയിൻ യാത്ര പുനരാരംഭിച്ചു.
ഫത്തേപൂരിലെ ബിന്ദ്കി തഹസിൽ ഫിറോസ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന ദിലീപ് എന്നയാൾ ആണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. എന്നാൽ ഇയാൾ എന്തിനാണ് ഇത്തരത്തിൽ യാത്ര ചെയ്തത് എന്ന കാര്യം വ്യക്തമല്ല.
കോച്ചിൻ്റെ റൂഫിലാണ് ഇയാൾ ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്തതെന്ന് കാൺപൂരിൻ്റെ ആർപിഎഫ് സ്റ്റേഷൻ ചുമതലയുള്ള ബിപി സിംഗ് പറഞ്ഞു. റെയിൽവേ നിയമത്തിലെ 156-ാം വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
വായിക്കാം: ഫണ്ണി റീൽസ് കണ്ട് വീണുപോയി, 80 -കാരനെ പ്രണയിച്ച് 34 -കാരി, ഒടുവിൽ ഇരുവർക്കും വിവാഹം