ശരീരഭാരം തീരെയില്ല, യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
ഡ്രൈവിംഗ് ലൈസൻസ് തൻ്റെ ഭാരക്കുറവ് കാരണം റദ്ദാക്കിയതായാണ് ജോ പറയുന്നത്. ലൈസൻസ് വീണ്ടെടുക്കാൻ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ഡിവിഎൽഎ ജോയ്ക്ക് കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ശരീരഭാരം കുറവാണെന്ന് ചൂണ്ടികാട്ടി 34 -കാരന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. ഇംഗ്ലണ്ടിലെ ടൈൻ ആൻഡ് വെയർ കൗണ്ടിയിലെ വിറ്റ്‌ലി ബേയിൽ നിന്നുള്ള ജോ റോജേഴ്‌സ് (34) എന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് ആണ് വളരെ മെലിഞ്ഞ ശരീരപ്രകൃതി കാരണം ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി (ഡിവിഎൽഎ) റദ്ദാക്കിയത്. എന്നാൽ, ഇപ്പോഴിതാ എട്ട് മാസങ്ങൾക്ക് ശേഷം ജോ പൊരുതി അത് വീണ്ടെടുത്തിരിക്കുകയാണ്.
13 -ാം വയസ്സിൽ ജോയ്ക്ക് അനോറെക്സിയ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം തീരെ കുറവായ ഒരു ശാരീരിക അവസ്ഥയാണിത്. അനോറെക്സിയ തൻ്റെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ജോ പറയുന്നു. ജോയുടെ ഭക്ഷണ ക്രമക്കേടിൻ്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞത് അവൻ്റെ അമ്മ ജൂലിയാണ്. ഭക്ഷണം കഴിക്കാനുള്ള ജോയുടെ വിമുഖതയും വീട്ടിലെ ഭക്ഷണം തുടർച്ചയായി ഒഴിവാക്കുന്നതും അവരിൽ ആശങ്ക ഉയർത്തി. അവൻ ഭക്ഷണം ഒഴിവാക്കുകയും ഭക്ഷണം കഴിക്കുന്നതായി നടിക്കുകയും ഭാരം കുറയുന്നത് മറച്ചുവെക്കാൻ ഒന്നിൽ കൂടുതൽ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ആശങ്കാകുലയായ അമ്മ അവനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് അനോറെക്സിയ ആണെന്ന് തിരിച്ചറിഞ്ഞത്.
ഡ്രൈവിംഗ് ലൈസൻസ് തൻ്റെ ഭാരക്കുറവ് കാരണം റദ്ദാക്കിയതായാണ് ജോ പറയുന്നത്. ലൈസൻസ് വീണ്ടെടുക്കാൻ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ഡിവിഎൽഎ ജോയ്ക്ക് കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എട്ട് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. എന്നാൽ, ഇപ്പോഴിതാ തന്റെ ശരീരത്തോട് തന്നെ പോരാടി ജോ ഡ്രൈവ് ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്, ഒപ്പം ഡ്രൈവിംഗ് ലൈസൻസും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് ജോയെ ഇതിന് പ്രാപ്തനാക്കിയത് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം