ആറ്റുനോറ്റു കിട്ടിയ പെണ്ണ്, റിങ്കിൾ പാണ്ഡ്യയുടെ കൊടുംചതി, പൊളിഞ്ഞത് 'ലൂട്ടറി ദുൽഹൻ ഗാംഗി'ന്റെ വൻ തട്ടിപ്പ്
കൊണ്ടുപിടിച്ച് പെണ്ണന്വേഷിക്കുന്ന പുരുഷന്മാരാണ് ഈ തട്ടിപ്പുസംഘത്തിന്റെ മെയിൻ ഇരകൾ. സംഘത്തിലെ ഓരോരുത്തർക്കും തിരിച്ചറിയൽ കാർഡുകളടക്കം എല്ലാ രേഖകളും വ്യാജമായി തയ്യാറാക്കും.
കാത്തിരുന്നു കാത്തിരുന്നാണ് 31 -കാരനായ അജയ്സിംഗ് സോളങ്കിക്ക് വിവാഹമായത്. ഒരുപാട് തിരഞ്ഞ് കണ്ടെത്തിയ വധു. എന്നാൽ, വിവാഹം കഴിഞ്ഞ് വെറും 10 ദിവസം കഴിഞ്ഞപ്പോൾ സ്വർണവും പണവും പിന്നെ ഭാര്യയേയും കാണാനില്ല. എന്ത് ചെയ്യണമെന്ന് ആലോചിച്ച് നിൽക്കാൻ സമയമില്ല, അയാൾ നേരെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ കുടുങ്ങിയതാവട്ടെ ഒരു വൻ തട്ടിപ്പുസംഘം.
കുറേ വർഷങ്ങൾ അന്വേഷിച്ചിട്ടും സോളങ്കിക്ക് തനിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഒരു സുഹൃത്ത് വഴിയാണ് നരസിംഹ വാജ എന്ന ബ്രോക്കറെ കണ്ടെത്തുന്നത്. അങ്ങനെ വാജ രണ്ട് പെൺകുട്ടികളുടെ ആലോചന കൊണ്ടുവന്നു. അതിൽ ഒരാളായിരുന്നു റിങ്കിൾ പാണ്ഡ്യ. റിങ്കിൾ പാണ്ഡ്യയെ സോളങ്കിക്ക് നന്നായി ബോധിക്കുകയും ചെയ്തു.
എന്നാൽ, ബ്രോക്കറായി എത്തിയ വാജ ഒരു വൻ വിവാഹതട്ടിപ്പ് സംഘത്തിലെ കണ്ണിയായിരുന്നു. ഇതൊന്നും അറിയാത്ത സോളങ്കി റിങ്കിൾ പാണ്ഡ്യയെ വിവാഹവും കഴിച്ചു. എന്നാൽ, സംഘത്തിലെ മറ്റൊരു തട്ടിപ്പുകാരിയായിരുന്നു റിങ്കിൾ പാണ്ഡ്യ. യഥാർത്ഥ പേര് കൗസർ ബാനു. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് അവൾ ഹാജരാക്കിയിരുന്ന രേഖകളടക്കം സകലതും വ്യാജമായിരുന്നു.
എന്തായാലും, പെണ്ണിനെ കണ്ടെത്തി കൊടുത്തതിനും മറ്റുമായി സോളങ്കി ചെലവാക്കിയത് ഒരു ലക്ഷം രൂപയാണ്. അതും തഥൈവ. ഭാര്യയേയും പണവും സ്വർണവും കാണാനില്ല എന്ന സോളങ്കിയുടെ പരാതിയെ തുടർന്ന് ഗിർ-സോമനാഥ് ലോക്കൽ ക്രൈം ബ്രാഞ്ച് (LCB) നടത്തിയ അന്വേഷണത്തിലാണ് സംഘത്തിനെ കുറിച്ച് വിവരം കിട്ടുന്നതും. വിവാഹത്തട്ടിപ്പുസംഘം പിടിയിലാവുന്നതും.
കൊണ്ടുപിടിച്ച് പെണ്ണന്വേഷിക്കുന്ന പുരുഷന്മാരാണ് ഈ തട്ടിപ്പുസംഘത്തിന്റെ മെയിൻ ഇരകൾ. സംഘത്തിലെ ഓരോരുത്തർക്കും തിരിച്ചറിയൽ കാർഡുകളടക്കം എല്ലാ രേഖകളും വ്യാജമായി തയ്യാറാക്കും. ബ്രോക്കർ ഫീസ് ഇനത്തിലും മറ്റുമായി ആദ്യം കുറച്ച് തുക തട്ടിക്കും. വിവാഹം കഴിഞ്ഞ ശേഷം കുറച്ച് ദിവസം വധു വരന്റെ കൂടെ നിൽക്കും പിന്നീട് സ്വർണവും പണവും ഒക്കെയായി മുങ്ങും. ഇതാണ് ഈ സംഘത്തിന്റെ പ്രവർത്തനരീതി.
വാജ, കൗസർ ബാനു എന്നിവരെക്കൂടാതെ മുസ്‌കൻ മിർസ, ഷമിൻ എന്ന സീമ ജോഷി, നാഗ്ദേവ് ഹിരാലാൽ, മുസ്‌കൻ്റെ ഭർത്താവ് റിയാസ് എന്നിവരാണ് സംഘത്തിലെ പ്രധാന അംഗങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം