93 ദിവസം കടലിൽ പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ ജീവിതം, ഇയാൾക്ക് '10 വയസ് ചെറുപ്പമായതായി' പഠന റിപ്പോർട്ട്

ഡിറ്റൂരിയുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെട്ടതായും കൊളസ്‌ട്രോളിൻ്റെ അളവ് 72 പോയിൻ്റ് കുറഞ്ഞതായും ഗവേഷകർ ചൂണ്ടിക്കാട്ടി. വെള്ളത്തിനടിയിലെ മർദ്ദം മൂലമാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നാണ് ഗവേഷകർ പറയുന്നത്, ഇത് ശരീരത്തിൽ ധാരാളം ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

Joseph Dituri man who lived 93 days under Atlantic Sea turned ten years younger study

മൂന്നുമാസക്കാലം കടലിനടിയിൽ താമസിച്ച വ്യക്തി '10 വയസ് ചെറുപ്പമായതായി' പഠന റിപ്പോർട്ട്. വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനായ ജോസഫ് ഡിറ്റൂരിയാണ് 93 ദിവസം ഒരു പരീക്ഷണത്തിന്റെ ഭാഗമായി അറ്റ്ലാൻറിക് കടലിനു കീഴിൽ പ്രത്യേകമായി സജ്ജീകരിച്ച പേടകത്തിനുള്ളിൽ താമസിച്ചത്. 

വെള്ളത്തിനടിയിൽ തുടർച്ചയായി ജീവിച്ചാൽ മനുഷ്യ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് തിരിച്ചറിയുന്നതിനായി നടത്തിയ പഠനത്തിൻറെ ഭാഗമായാണ് ജോസഫ് ഡിറ്റൂരി കടലിനടിയിൽ ഇത്രയും നാൾ താമസിച്ചത്. പുറത്തുവന്നതിനുശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം 'ചെറുപ്പമായി' എന്ന കണ്ടെത്തൽ ശാസ്ത്രജ്ഞന്മാർ നടത്തിയത്.

മെഡിക്കൽ പരിശോധനയിൽ ഡിറ്റൂരിയുടെ തെലോമിയകൾക്ക് മൂന്നുമാസംകൊണ്ട് 20 ശതമാനം വലിപ്പം വച്ചതായി കണ്ടെത്തി. സാധാരണഗതിയിൽ പ്രായം കൂടുംതോറും ഇവ ചുരുങ്ങി പോവുകയാണ് ചെയ്യാറ്. കൂടാതെ, അദ്ദേഹത്തിൻ്റെ സ്റ്റെം സെല്ലിന്റെ എണ്ണവും വർദ്ധിച്ചു. ജോസഫ് ഡിറ്റൂരിയുടെ മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധേയമായ മാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. 

ഡിറ്റൂരിയുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെട്ടതായും കൊളസ്‌ട്രോളിൻ്റെ അളവ് 72 പോയിൻ്റ് കുറഞ്ഞതായും ഗവേഷകർ ചൂണ്ടിക്കാട്ടി. വെള്ളത്തിനടിയിലെ മർദ്ദം മൂലമാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നാണ് ഗവേഷകർ പറയുന്നത്, ഇത് ശരീരത്തിൽ ധാരാളം ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

തൻറെ അനുഭവം വിവരിച്ചുകൊണ്ട് ഡിറ്റൂരി പറഞ്ഞത് കുറഞ്ഞത് എല്ലാവർഷവും രണ്ടാഴ്ച കാലത്തേക്ക് എങ്കിലും ആളുകൾ കടലിനടിയിൽ വിശ്രമിക്കണം എന്നാണ്. അത് ആരോഗ്യസ്ഥിതിയിൽ ഗുണകരമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മെറ്റബോളിസത്തിൽ കാര്യമായ പുരോഗതിയും തനിക്ക് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വെള്ളത്തിനടിയിലായിരുന്ന സമയത്ത്, തൻ്റെ വ്യായാമ ബാൻഡുകൾ മാത്രം ഉപയോഗിച്ച് ആഴ്ചയിൽ അഞ്ച് ദിവസവും ഒരു മണിക്കൂറിലധികം വർക്ക് ഔട്ട് ചെയ്യുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

93 ദിവസത്തെ പ്രയത്നത്തിലൂടെ ജോസഫ് ഡിറ്റൂരി മറ്റൊരു പ്രധാന നേട്ടം കൂടി കൈവരിച്ചിട്ടുണ്ട്. 73 ദിവസത്തെ വെള്ളത്തിനടിയിൽ താമസിച്ചതിന്റെ മുൻ ലോക റെക്കോർഡ് തകർത്ത് പുതിയ റെക്കോർഡ് സ്വന്തം പേരിൽ ആക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios