ഒരു കിലോ അരിക്ക് വില 10,000, കഴുകാതെ വേവിക്കാം, വെൽവെറ്റു പോലെയിരിക്കും, ജപ്പാനിലെ പ്രീമിയം ക്വാളിറ്റി റൈസ്
ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവരും ഗുണം ഇഷ്ടപ്പെടുന്നവരും അടക്കം ഒട്ടേറെപ്പേർ ഈ അരി വാങ്ങുന്നവരുണ്ട്. ഈ അരിയുടെ മറ്റൊരു പ്രത്യേകത അത് കഴുകാതെ തന്നെ വേവിക്കാം എന്നതാണ്.
ഓരോ അരിക്കും ഓരോ വിലയാണ്. അരിയുടെ ഗുണങ്ങളടക്കം പല കാരണങ്ങളും അതിനുണ്ടാകും. ഇന്ത്യയിൽ പ്രീമിയം ക്വാളിറ്റി അരിക്ക് നൂറോ ഇരുന്നൂറോ ആയിരിക്കും വില. എന്നാൽ, ജപ്പാനിൽ കണ്ടുവരുന്ന ഈ അരിയുടെ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടാൻ സാധ്യതയുണ്ട്. ഈ അരിയുടെ വില എത്രയാണ് എന്നോ? കിലോയ്ക്ക് 10,036 രൂപ.
ഓഡിറ്റി സെൻട്രലിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കിൻമെമൈ പ്രീമിയം എന്നാണ് ഈ അരിയുടെ പേര്. ലോകത്തിലെ ഏറ്റവും വില കൂടിയ അരി എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇതിനുണ്ട്. ഈ അരി പോഷകങ്ങളാൽ സമൃദ്ധമാണ് എന്നും ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നുമാണ് പറയപ്പെടുന്നത്. കിൻമെമൈ പ്രീമിയം 140 ഗ്രാം പാക്കറ്റുകളിലായിട്ടാണ് വിൽക്കുന്നത്. ഒരു കിലോയ്ക്ക് ഏകദേശം $120 (ഏകദേശം 10,036 രൂപ) ആണ് വില.
2016 -ൽ, കിലോയ്ക്ക് 109 ഡോളർ (ഏകദേശം 9,116 രൂപ) വിലയുണ്ടായിരുന്ന ഈ അരി ആ വർഷം ഏറ്റവും വിലയേറിയ അരി എന്ന ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.
ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് കിൻമെമൈ പ്രീമിയം നിർമ്മിക്കുന്നത്. അഞ്ച് തരം ജാപ്പനീസ് അരികളിൽ നിന്ന് തിരഞ്ഞെടുത്ത ധാന്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ അരി. 17 വർഷങ്ങൾക്ക് മുമ്പ് വികസിപ്പിച്ചെടുത്ത റൈസ്-ബഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വേർതിരിക്കൽ നടത്തുന്നത്.
ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവരും ഗുണം ഇഷ്ടപ്പെടുന്നവരും അടക്കം ഒട്ടേറെപ്പേർ ഈ അരി വാങ്ങുന്നവരുണ്ട്. ഈ അരിയുടെ മറ്റൊരു പ്രത്യേകത അത് കഴുകാതെ തന്നെ വേവിക്കാം എന്നതാണ്. പതുപതുത്ത വെൽവെറ്റ് പോലെയുള്ള അരിയാണിത്.