ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അപ്രതീക്ഷിത വിടവാങ്ങല്‍; ആരാണ് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി?

രാഷ്ട്രീയ വിമതർക്ക് മരണം വിധിക്കുന്ന സമിതിയുടെ നേതൃത്വം റെയ്സി ഭംഗീയായി നിറവേറ്റി. ഖമനേയി നേതാവായപ്പോൾ റെയ്സി കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചു. പുരോഹിതർക്കുള്ള പ്രത്യേക കോടതിയില്‍ പ്രോസിക്യൂട്ടർ ജനറൽ പദവിയടക്കം അദ്ദേഹം വഹിച്ചു. 

Irans President Ibrahim Raisi dies in helicopter crash

പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടയിലാണ് ആ ദുരന്തമുണ്ടായത്. ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പിന്നാലെ ഇന്ന്, ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുര്‍ഘടമായതിനെ തുടര്‍ന്ന് തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ഇറാന്‍ 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം. 

 

Irans President Ibrahim Raisi dies in helicopter crash

ആരാണ് ഇബ്രാഹിം റെയ്‌സി?

മൂന്ന് വര്‍ഷമായി ഇറാന്‍ പ്രസിഡന്റായിരുന്ന റെയ്‌സി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം. ശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുകയും ഇസ്രായേലും ഇറാനും തമ്മിലുള്ള രാഷ്ട്രീയ വൈരം മൂര്‍ച്ഛിക്കുകയും ചെയ്തതിനിടയിലാണ് അപകടം. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന റെയ്‌സി ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഈയുടെ വിശ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് നിലവില്‍ ഇബ്രാഹിം റെയ്‌സി കരുതപ്പെട്ടിരുന്നത്. 

ഇറാന്‍ രാഷ്ട്രീയത്തിലെ യാഥാസ്ഥിക-തീവ്രപക്ഷക്കാരനായ നേതാവായാണ് ഇബ്രാഹിം റെയ്‌സി അറിയപ്പെടുന്നത്. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരന്‍. പരമോന്നത നേതാവായ ഖാംനഈയുടെ പിന്‍ഗാമി. പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ഉന്നത സമിതി അംഗം. മതപണ്ഡിതന്‍ എന്ന നിലയിലും ന്യായാധിപന്‍ എന്ന നിലയിലും അറിയപ്പെടുന്ന റെയ്‌സി ഭരണകൂടത്തിന് അനഭിമതരായ രാഷ്ട്രീയക്കാരുടെ വധശിക്ഷ നിര്‍ണയിക്കുന്ന സമിതി അംഗം കൂടിയായിരുന്നു. ഇറാനില്‍ ശക്തമായി തുടരുന്ന മിതവാദ, പുരോഗമന പക്ഷത്തിനോട് കടുത്ത എതിര്‍പ്പു പുലര്‍ത്തിയിരുന്ന ഇദ്ദേഹം പരമോന്നത നേതാവ് ഖാം നഈയുടെ പിന്തുണയോടെയാണ് അധികാരത്തില്‍ എത്തിയത്. 

 

ഇസ്‌ലാമിക വിപ്ലവത്തിനു മുമ്പ്, പാശ്ചാത്യ പക്ഷക്കാരനായ മുഹമ്മദ് റിസാ ഷാ പെഹ്‌ലവി ഇറാന്‍  ഭരിച്ചിരുന്ന കാലത്താണ് ഇബ്രാഹിം റെയ്‌സി ജനിക്കുന്നത്. ഷിയാ മതപുരോഹിതരുടെ കുടുംബത്തില്‍ പിറന്ന റെയ്‌സി കുട്ടിക്കാലം മുതല്‍ മതപഠനത്തില്‍ ശ്രദ്ധയൂന്നി. ഇറാനിലെ പ്രമുഖ മതപുരോഹിതരുടെ കീഴിലായിരുന്നു പഠനം. പരമോന്നത നേതാവായ ഖാംനഈയും റെയ്‌സിയുടെ അധ്യാപകനായിരുന്നു. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ സ്ഥാപകനായ ആയത്തുല്ലാ റൂഹുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ പങ്കാളിയായിരുന്നു റെയ്‌സി. ഇസ്‌ലാമിക ഭരണകൂടം വന്നപ്പോള്‍ ഇറാന്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറി. പിന്നീട് 14 വര്‍ഷം അറ്റോര്‍ണി ജനറല്‍. 

2017-ല്‍ ഖാംനഈയുടെ ആശീര്‍വാദത്തോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ലിബറല്‍ പക്ഷക്കാരനും പുരോഗമനവാദിയുമായ  ഹസന്‍ റൂഹാനിയാണ് അന്ന് വിജയിച്ചത്.

എന്നാല്‍, നിര്‍ണായകമായ ഈ ഘട്ടത്തില്‍ പരമോന്നത നേതാവ് ഖാംനഈ റെയ്‌സിയെ പിന്തുണച്ചു. ഇറാനില്‍ പുരാഗമന പക്ഷം ശക്തിപ്രാപിക്കുന്നതിനിടെ റെയ്‌സിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിച്ചു. ഭരണകൂടത്തിനെതിരായ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ റെയ്‌സി നേതൃപരമായ പങ്കുവഹിച്ചു. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉന്നത സമിതി അംഗമായി അതിനിടെ അദ്ദേഹം മാറി. 

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല


അതോടൊപ്പം വധശിക്ഷയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്ന സമിതിയുടെ നേതൃത്വത്തിലേക്കും അദ്ദേഹം വന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് വധശിക്ഷ വിധിച്ച അനേകം തീരുമാനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച റെയ്‌സി ഏറെ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, വിട്ടുവീഴ്ചയില്ലാത്ത ന്യായാധിപനും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയും എന്ന പ്രതിച്ഛായ ഇതോടൊപ്പം വന്നു. അങ്ങനെയാണ് റെയ്‌സി 2021-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ആ തെരഞ്ഞെടുപ്പ് ഒട്ടും സുതാര്യമായിരുന്നില്ലെന്ന വിമര്‍ശനം വ്യാപകമായിരുന്നു. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ കാറ്റില്‍ പറത്തി എന്നാരോപിച്ച് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്ന വോട്ടെടുപ്പില്‍ കുറഞ്ഞ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ഭരണകൂടം അട്ടിമറി നടത്തിയതായി പ്രതിപക്ഷ നേതാക്കള്‍ വ്യാപകമായി ആരോപിച്ചു.  

2021 -ലാണ് 62 ശതമാനം വോട്ടു നേടി ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റാകുന്നത്. ഇറാന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ആണവധാരണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു റെയ്‌സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം അദ്ദേഹം ആ നിലപാടുകള്‍ ഉപേക്ഷിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ കടുത്ത നിലപാട് തുടര്‍ന്ന അദ്ദേഹം ചൈനയും റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കി. രാജ്യത്ത് മതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി. മത പൊലീസ് സംവിധാനം ശക്തമാക്കി. 

ശരിയായ വിധത്തില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസ് പിടിച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്‌സ അമിനി (ജിന എമിനി) എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകമെങ്ങും ഇറാന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ, കടുത്ത നിലപാടുകളില്‍ നിന്ന് റെയ്‌സി ഭരണകൂടം പിന്നോട്ടു പോയിരുന്നു. എന്നാല്‍, പ്രക്ഷോഭം അവസാനിച്ചപ്പോള്‍ ഭരണകൂടം സമരനേതാക്കളെ ശക്തമായി അടിച്ചമര്‍ത്തി. നിരവധി പ്രമുഖരെ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്‌സി വിജയം കണ്ടു. 

ലോകം രണ്ട് യുദ്ധങ്ങളുടെയും (റഷ്യ/യുക്രൈന്‍, ഇസ്രയേല്‍/ഗാസ) പുതിയ സഖ്യങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴാണ് റെയ്‌സിയുടെ വിടവാങ്ങല്‍. ഈ വിയോഗം ഇറാന്റെ യാഥാസ്ഥിതിക നയങ്ങളില്‍ മാറ്റമുണ്ടാക്കിയേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. റെയ്‌സിയുടെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായിരുന്നു. ഭാര്യ തെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി അധ്യാപികയാണ്. രണ്ട് മുതിര്‍ന്ന പെണ്‍മക്കളുണ്ട്.

 ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios