കൂട്ടിനൊരു മുളവടി മാത്രം, താണ്ടേണ്ടത് 10 -ലേറെ കിലോമീറ്റർ, കൊവിഡിനെ തോൽപ്പിക്കാൻ സുമന്റെ യാത്ര!

ഓരോ ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ എവിടെനിന്നെങ്കിലും തനിക്ക് രോഗം ബാധിച്ചു കാണുമോ എന്ന് സുമന് ഭയമുണ്ടായിരുന്നു. എന്നാല്‍, അങ്ങനെയൊന്നുമുണ്ടായില്ല.

inspiring story of Suman Dhebe asha worker from pune

2020 ജൂലൈയിൽ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നുള്ള വിദൂരപ്രദേശമായ മംഗാവോണിലെ നാടോടിഗോത്രത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം കണ്ടെത്തി. സുഖം പ്രാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ അവിടെ നിന്നും പോവുകയും ചെയ്തു. അവരില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ആശാ പ്രവര്‍ത്തകയായ സുമന്‍ ദെബെയ്ക്ക് അവരെ കണ്ടെത്തിയേ തീരൂ എന്ന് മനസിലായി. 

സംസ്ഥാന സർക്കാറിന്റെ വീടുതോറുമുള്ള സ്ക്രീനിംഗ് കാമ്പെയ്‌നിന്റെ ഭാഗമായി, കൊവിഡ് -19  സാധ്യതയുള്ള ആളുകളെ കണ്ടെത്താനും തിരിച്ചറിയാനും അണുബാധ പടരാതിരിക്കാനും 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' പദ്ധതി നടപ്പിലാക്കിയിരുന്നു. അതിന്റെ ഭാ​ഗമായിരുന്നു ആശാപ്രവർത്തകയായ സുമനും.

കൊറോണ ബാധിച്ചിരുന്നവർ എങ്ങോട്ടാണ് പോയത് എന്ന് മനസിലാക്കിയ സുമൻ ആ ​ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. എന്നാല്‍, അതൊരു ചെറിയ യാത്രയായിരുന്നില്ല. രണ്ട് മലകള്‍ കടന്നുവേണമായിരുന്നു അവിടെയെത്താന്‍. എന്നാൽ, ആ ദൂരമൊന്നും അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. ഇങ്ങനെയുള്ള ഒരുപാട് ദൂരങ്ങൾ അവർ ഓരോ ദിവസവും താണ്ടുന്നു. അവരുടെ ഈ സമർപ്പണവും ആത്മാർത്ഥതയും മുതിർന്ന ജില്ലാ പരിഷത്ത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. അവരുടെ ശ്രമങ്ങളെ അവര്‍ പ്രശംസിച്ചു. ആയിരത്തോളം ജനസംഖ്യയുള്ള അഞ്ച് ഗ്രാമങ്ങളും രണ്ടാം തരംഗത്തിലുടനീളം കൊവിഡ് രഹിതമായി തുടരുമെന്ന് സുമന്റെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി. 

എന്നാല്‍, 42 -കാരിയായ സുമന്‍ പറയുന്നത് ഇത് അവരുടെ ജോലിയുടെ ഭാഗം മാത്രമാണ് എന്നാണ്. കഴിഞ്ഞ ഒരു വർഷമായി, പോൾ ഗ്രാമത്തിലെ താമസക്കാരിയായ സുമന്‍ രാവിലെ എട്ട് മണിക്ക് തന്‍റെ യാത്ര ആരംഭിക്കും. 12-13 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവൾക്ക് നിയോഗിച്ചിട്ടുള്ള മറ്റ് നാല് ഗ്രാമങ്ങളിലൊന്നിൽ എത്തിച്ചേരും - മംഗാവോൺ, ഷിർകോളി, തങ്കാവോൺ, ഘോഡ്‌ഷെറ്റ് എന്നിവയാണ് ആ ഗ്രാമങ്ങള്‍. ആകെ ആ യാത്രയില്‍ അവള്‍ക്ക് കൂട്ടായിട്ടുള്ളത് ഒരു മുളവടി മാത്രമാണ്. എങ്കിലും സുമന് തളര്‍ച്ചയില്ല. ഇതെന്‍റെ ജോലിയും കടമയുമാണ് എന്നാണവര്‍ പറയുന്നത്. 

inspiring story of Suman Dhebe asha worker from pune

2012 മുതലാണ് സുമന്‍ തന്‍റെ ജോലി തുടങ്ങിയത്. അമ്മമാരെയും നവജാതശിശുക്കളെയും ശ്രദ്ധിക്കുക, സര്‍ക്കാരില്‍ നിന്നുമുള്ള സഹായങ്ങളും മറ്റും ഉറപ്പാക്കുക എന്ന ജോലിയെല്ലാം അവര്‍ ചെയ്യുന്നു. എന്നാല്‍, കൊവിഡ് 19 വന്നപ്പോള്‍ ഈ ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ചുമതലയുമായി. പിപിഇ കിറ്റ് ധരിച്ചുകൊണ്ടൊന്നും മണിക്കൂറുകള്‍ നീളുന്ന കാല്‍നട യാത്ര സാധ്യമല്ല. അതിനാല്‍, അത്രയൊന്നും സുരക്ഷയില്ലാതെയാണ് സുമന്റെ യാത്ര. ഓരോ ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ എവിടെനിന്നെങ്കിലും തനിക്ക് രോഗം ബാധിച്ചു കാണുമോ എന്ന് സുമന് ഭയമുണ്ടായിരുന്നു. എന്നാല്‍, അങ്ങനെയൊന്നുമുണ്ടായില്ല. മാത്രമല്ല, ഗ്രാമവാസികളും സുമന്‍റെ മേല്‍നോട്ടത്തില്‍ കൊവിഡില്‍ നിന്നും വിട്ടുനില്‍ക്കുന്നു. 

ജില്ലാ പരിഷത്തും സുമന്റെ ആത്മസമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ സുമന് ചെയ്തുകൊടുക്കാനും അവര്‍ ആലോചിക്കുന്നു. എന്നാല്‍, ഇത് തന്‍റെ ജോലി മാത്രമല്ല, കടമ കൂടിയാണ്. താനത് നിറവേറ്റും എന്നാണ് സുമന്‍ പറയുന്നത്. കൊവിഡിനെ തുരത്താൻ കച്ചകെട്ടിയിറങ്ങിയ പോരാളികളിൽ ഉശിരുള്ളൊരു പോരാളിയാണ് സുമനെന്ന് സമ്മതിക്കാതെ വയ്യ. 
 

Latest Videos
Follow Us:
Download App:
  • android
  • ios