ഭൂമിയെ സംരക്ഷിക്കാനുതകുന്ന ഭക്ഷണക്രമം ഇന്ത്യയിലേത് എന്ന് പഠനറിപ്പോർട്ട്
ഭക്ഷണക്രമത്തിൽ ഭൂമിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന തരത്തിൽ മോശമായത് അര്‍ജന്റീന, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ രീതിയാണ് എന്നും പഠനത്തിൽ പറയുന്നു.
ഭൂമിക്ക് ഏറ്റവും കുറഞ്ഞ നാശമുണ്ടാക്കുന്ന ഭക്ഷണരീതി ഇന്ത്യക്കാരുടേത് എന്ന് പഠനം. മറ്റ് രാജ്യങ്ങൾ കൂടി ഇന്ത്യക്കാരുടെ ഭക്ഷണക്രമം പിന്തുടരുന്നത് ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ലിവിംഗ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജി20 രാജ്യങ്ങൾക്കിടയിലാണ് പ്രസ്തുത പഠനം നടന്നത്. ഭക്ഷണക്രമത്തിൽ മറ്റ് രാജ്യക്കാരും ഇന്ത്യയുടെ മാതൃക പിന്തുടർന്നാൽ 2050 ആകുമ്പോഴേക്കും ഭക്ഷ്യോത്പാദനത്തെ തുടർന്ന് ഭൂമിക്കുണ്ടാകുന്ന നാശം കുറയ്ക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണക്രമത്തിൽ ഭൂമിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന തരത്തിൽ മോശമായത് അര്‍ജന്റീന, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ രീതിയാണ് എന്നും പഠനത്തിൽ പറയുന്നു. ഇവിടങ്ങളിലെ ഭക്ഷണക്രമം ആഗോളതാപനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആഗോളതാപന പരിധിയുടെ വർധനവ് 1.5 ഡിഗ്രി സെൽഷ്യസ് എന്നതിലേക്ക് ചുരുക്കുക എന്ന ലക്ഷ്യത്തിന് ഇത് തടസമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഹാരസാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ഭൂമി മതിയാകാതെ വരുന്ന അവസ്ഥയാണ് ഇതുണ്ടാക്കുക. ലോകരാജ്യങ്ങൾ ഇന്ത്യയുടെ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ 2025 ആകുമ്പോഴേക്കും ഭക്ഷ്യോത്പാദനത്തെ പിന്തുണയ്ക്കാന്‍ ഈ ഭൂമി മതിയാകും എന്ന അവസ്ഥയിലേക്ക് എത്തിക്കും എന്നും പഠനത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ മില്ലറ്റ് മിഷനെ കുറിച്ച് റിപ്പോർട്ടിൽ പ്രത്യേകപരാമർശവും ഉണ്ട്.