പെൺകുട്ടികൾ സ്മാർട്ടായി, ആൺകുട്ടികളോ? അവരും പഠിക്കണം പാചകം, വീട്ടിൽനിന്ന് തുടങ്ങട്ടെ; ശ്രദ്ധേയമായി കുറിപ്പ്
ഒരു കാര്യം കൂടി പറയാം, പഠിച്ചു മിടുക്കനായി ജോലി ഒക്കെ നേടി, ബുജി ലുക്കുമായി പെണ്ണു കാണാൻ പോയി, നിലത്തു കളം വരച്ചു നിൽക്കുന്ന നമ്രമുഖിയെ കല്യാണം കഴിക്കാം എന്നൊക്കെയാണ് മനസ്സിൽ വിചാരം എങ്കിൽ, ഓർത്തുവച്ചോ നമ്രമുഖികൾ ഒക്കെ പഴയ സിനിമകളിലെ കാണൂ.
നമ്മുടെ നാട്ടിലെ മിക്ക പുരുഷന്മാർക്കും അവരവർക്ക് ജീവിക്കാൻ വേണ്ട കാര്യങ്ങൾ കൂടി ചെയ്യാനറിയില്ല. അതിനി പാചകമാകട്ടെ, തുണി അലക്കുന്നതാകട്ടെ, വീട് നോക്കുന്നതാകട്ടെ എന്തും. ഇതിന്റെ പ്രധാന കാരണം അവരെ ചെറുപ്പം മുതൽ വീട്ടിൽ നിന്നും ഒന്നും ശീലിപ്പിക്കുന്നില്ല എന്നതാണ്. ആൺകുട്ടികളും കൂടി സ്വയംപര്യാപ്തരായി മാറേണ്ടുന്നതിനെ കുറിച്ച് സുരേഷ് സി പിള്ള എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഭൂരിഭാഗം പെൺകുട്ടികളും ഇപ്പോൾ സ്മാർട്ടാണ്. എന്നാൽ ആൺകുട്ടികൾ അങ്ങനെയല്ല എന്നാണ് കുറിപ്പിൽ പറയുന്നത്. ഒപ്പം പാചകം ചെയ്യുന്നതിന്റെ മനോഹാരിതയെ കുറിച്ചും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
കുറിപ്പ് വായിക്കാം:
പുതിയ തലമുറയിലെ ഭൂരിഭാഗം പെൺകുട്ടികളും എന്റെ അഭിപ്രായത്തിൽ, നല്ല സ്മാർട്ട് ആണ്, സ്വയം പര്യാപ്തർ ആണ്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ഉള്ളവർ ആണ്. എന്നാൽ, നല്ലൊരു ശതമാനം ആൺകുട്ടികളുടെ കാര്യം അങ്ങിനെ അല്ല.
ഇരുപത്തിയെട്ടുകാരനും അമ്മയെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ കരച്ചിൽ വരുന്നവർ ആണ്. തുണി നനയ്ക്കാൻ അറിയില്ല, കുക്കിംഗ് അറിയില്ല എന്ന് വേണ്ട ഒരു ചായ ഇട്ടു കുടിക്കാൻ പോലും മറ്റൊരാളുടെ സഹായം വേണ്ടവർ ആണ്.
ഇതിന് കാരണം നമ്മുടെ കുടുംബബന്ധങ്ങളിലെ രീതി തന്നെയാണ്. എന്റെ ചെറുപ്പത്തിൽ "സുരേഷേ നീ പോയി പഠിക്കെടാ" എന്ന് പറഞ്ഞിട്ട് "ശ്രീജ മുറ്റം തൂത്തു വാരിയോടി" എന്ന് അമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. (ഇത് കേട്ടു നിൽക്കുന്ന അച്ഛൻ, മോള് അകത്തു പൊയ്ക്കൊ അച്ഛൻ തൂത്തു വാരാം എന്ന് പറഞ്ഞു അമ്മ കാണാതെ ചൂലുമായി ഇറങ്ങുമായിരുന്നു).
പറഞ്ഞു വരുന്നത്, നമ്മുടെ ആൺകുട്ടികൾ പലരും സ്വയം പര്യാപ്തർ ആകേണ്ടതുണ്ട്. പലപ്പോളും അമ്മമാർ (അച്ഛന്മാർ) തന്നെയാണ് ഇവരെ വഷളാക്കുന്നതും. ആൺകുട്ടികളോട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും "നിങ്ങൾ കുക്കിങ് ചെയ്തു പഠിക്കൂ" എന്ന്.
കുക്കിങ് മാത്രമല്ല, മുറ്റമടിക്കാൻ പഠിക്കണം, പാത്രം കഴുകാൻ പഠിക്കണം, പശു ഉണ്ടെങ്കിൽ പശൂനെ കറക്കാൻ പഠിക്കണം, വാഴ കുഴിച്ചു വയ്ക്കാൻ പഠിക്കണം, DIY ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം. അമ്മയുടെ അടുത്തു നിന്നുമാണ്, ഞാൻ കുക്കിങ് ബാലപാഠങ്ങൾ ഒക്കെ പഠിച്ചത്. എന്നാലും അമ്മ അടുക്കളയിൽ പാചകം ചെയ്യാൻ ഒന്നും ഏൽപ്പിക്കില്ലായിരുന്നു. പിന്നെ തനിയെ താമസിക്കാൻ തുടങ്ങിയപ്പോൾ ആണ് പാചക പരീക്ഷണങ്ങൾ തുടങ്ങിയത്. ആദ്യം ഒക്കെ എല്ലാം ഫ്ലോപ്പ് ആകുമായിരുന്നു. പുളിശ്ശേരി പിരിയാതെ എടുക്കുന്നത് ഒക്കെ കുറെ പ്രാക്റ്റീസ് ചെയ്ത ശേഷമാണ് ശരിയായത്. പതിയെ ചിക്കൻ, ലാമ്പ്, ബീഫ് തുടങ്ങി പല വിഭവങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അവിയലും, തോരനും, സാമ്പാറും, എരിശ്ശേരിയും ഒക്കെ വയ്ക്കും എങ്കിലും നോൺ-വെജ് ആണ് എന്റെ സ്പെഷ്യാലിറ്റി. കുറെയധികം നല്ല റെസിപ്പികൾ പഠിച്ചത് സരിതയിൽ നിന്നുമാണ്.
വിരസത തോന്നുമ്പോൾ ഞാൻ നല്ല ഒരു കറി വയ്ക്കും. ചിലപ്പോൾ പുതിയ പരീക്ഷണങ്ങൾ ആണ്. പതിനഞ്ചു വയസ്സായ മോനോട്, "ഇന്ന് മുതൽ ഞാൻ നിന്റെ തുണികൾ നനയ്ക്കില്ല, നീ തന്നെ കഴുകിയിടണം. ഞാൻ ഒരു പ്രാവശ്യം കാണിച്ചു തരാം, അവനവന്റെ ജോലി അവനവൻ ചെയ്യണം" എന്ന് പറയുന്നിടത്ത് മുതൽ നിങ്ങളുടെ മക്കളെ സ്വയംപര്യാപ്തർ ആക്കുകയാണ്.
അതേപോലെ തന്നെ ആഹാരം കഴിച്ചതിന് ശേഷം എല്ലാവരുടെയും പാത്രങ്ങൾ കഴുകി വൃത്തിയാക്കുവാനും "മോനെ, ഇന്ന് പത്രങ്ങൾ കഴുകേണ്ടത് നിന്റെ ജോലി" എന്ന് പറയാം. (വീട്ടിൽ അവനവന്റെ പാത്രങ്ങൾ അവനവൻ തന്നെ കഴുകുന്നതാണ് ഏറ്റവും ഉത്തമം. അതും കുടുംബത്തിൽ എല്ലാവരെയും ശീലിപ്പിക്കാം).
ഒരു കാര്യം കൂടി പറയാം, പഠിച്ചു മിടുക്കനായി ജോലി ഒക്കെ നേടി, ബുജി ലുക്കുമായി പെണ്ണു കാണാൻ പോയി, നിലത്തു കളം വരച്ചു നിൽക്കുന്ന നമ്രമുഖിയെ കല്യാണം കഴിക്കാം എന്നൊക്കെയാണ് മനസ്സിൽ വിചാരം എങ്കിൽ, ഓർത്തുവച്ചോ നമ്രമുഖികൾ ഒക്കെ പഴയ സിനിമകളിലെ കാണൂ. "ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദഗതി" യൊക്കെ കവിതകളിൽ മാത്രം.
പുതുതലമുറയിലെ പെൺകുട്ടികൾ ഒക്കെ സ്വയം പര്യാപ്തരും, സ്വന്തമായി ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കുന്നവരും ആണ്. അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പം തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നിങ്ങൾ പെൺ സുഹൃത്തിനെ ഒരു 'ഡേറ്റ്' നു ക്ഷണിക്കുകയാണെങ്കിൽ ഒരു സിനിമയ്ക്ക് പോകാതെ, അല്ലെങ്കിൽ ഒരു റെസ്റ്ററന്റിൽ പോകാതെ, അവൾക്കായി നല്ല ഒരു ഡിന്നർ ഉണ്ടാക്കി കൊടുക്കൂ.
"ഐ വിൽ മെയ്ക്ക് 'റിസോട്ടോ വിത്ത് പ്രോൺസ്' ആൻഡ് യു ക്യാൻ വാച്ച് മൈ കുക്കിംഗ്" അത്രയും റൊമാന്റിക്ക് ആയ ഒരു ഈവനിംഗ് സ്വപ്നത്തിൽ മാത്രം. ഒരു നിറമുള്ള കാൻഡിൽ കൂടി മേശപ്പുറത്തു കത്തിച്ചു വച്ചാൽ സംഭവം സൂപ്പർ.
(ഒരു കാര്യം പറയാൻ വിട്ടു 'റിസോട്ടോ വിത്ത് പ്രോൺസ്' കുക്ക് ചെയ്യുന്നതിനും മുൻപേ 'പ്രോൺസ്' അലർജി ഉണ്ടോന്നു ചോദിക്കുക അല്ലെങ്കിൽ പണി പാളും).
ഇനി നാടൻ വിഭവങ്ങൾ ഇഷ്ടമുള്ള ആളാണെങ്കിൽ ഹൈദരാബാദി ബിരിയാണി ഉണ്ടാക്കാം. സിനിമയിൽ ഒക്കെ കാണുന്നപോലെ ഈറൻ മുടിയുമായി ഭർത്താവിന് ബെഡ് കോഫിയും ആയി വരുന്ന രംഗത്തിനു പകരം ഭാര്യക്ക് ബെഡ് കോഫിയും ആയി പോകുന്ന ഭർത്താവിനെ ആലോചിച്ചു നോക്കൂ, എത്ര റൊമാന്റിക്ക് ആണത്?
"ഹണീ, ഐ മെയ്‌ഡ് യുവർ ഫേവറിറ്റ് കപ്പൂശീനോ, ആൻഡ് യുവർ ബ്രേക്ക്ഫാസ്റ്റ് ഈസ് ഓൺ ദി ടേബിൾ."
അമ്മയ്ക്കും, അച്ഛനും, ചേട്ടത്തി അമ്മയ്ക്കും എന്ന് വേണ്ട സ്നേഹിക്കുന്ന ആർക്കും നല്ല ഒരു മീൽ ഉണ്ടാക്കി കൊടുക്കാം. കുക്ക് ചെയ്ത് കൊടുക്കുക എന്നാൽ അതൊരു സ്നേഹ പ്രകടനം കൂടിയാണ്.
ബ്രിട്ടീഷ് എഴുത്തുകാരൻ Wayne Gerard Trotman പറഞ്ഞത് “For friends, lovers, parents and other relations, cooking can be a profound expression of love.” എന്നാണ്.
പറഞ്ഞുവരുന്നത്, കുക്കിങ് ഓരോ ആൾക്കാരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട സ്കിൽ ആണ്. നിങ്ങൾ IAS ഓ, ഓട്ടോറിക്ഷാ ഡ്രൈവറോ, ഡോക്ടറോ, അക്കൗണ്ടന്റോ, എന്തുമാകട്ടെ കുക്കിംഗും കൂടി അത്യാവശ്യമായി അറിഞ്ഞിരിക്കുക.
Gender equality should start from your own kitchen. സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നാണ്. സ്വയം പര്യാപ്തർ ആകാൻ ആൺകുട്ടികൾ ആദ്യം തുടങ്ങേണ്ടത് പാചകത്തിന്റെ ബാല പാഠങ്ങളിൽ നിന്നാണ്.