വിദ്യാർത്ഥികൾക്ക് അസൈൻമെന്റ് നൽകി,വിഷയം കേട്ടതോടെ പൊലീസെത്തി അറസ്റ്റ്, ലൈസന്‍സും പോയിക്കിട്ടി
പിറ്റേന്ന് വരുമ്പോൾ എങ്ങനെയൊക്കെ തങ്ങളുടെ സഹപാഠിയെ കൊല്ലാം എന്ന് വിദ്യാർത്ഥികൾ എഴുതിക്കൊണ്ട് വന്നിരുന്നു. അതിൽ വെട്ടിക്കൊല്ലാം, കുത്തിക്കൊല്ലാം, ജനാലയിലൂടെ വലിച്ചെറിയാം, ജീവനോടെ കത്തിക്കാം എന്നൊക്കെയാണ് വിദ്യാർത്ഥികൾ എഴുതിയിരുന്നത്.
വിദ്യാർത്ഥികൾക്ക് അസൈൻമെന്റ് നൽകിയതിന് ഏതെങ്കിലും അധ്യാപകൻ അറസ്റ്റിലാവുമോ? ആ നോക്കിയും കണ്ടും വിഷയം നൽകിയില്ലെങ്കിൽ ചിലപ്പോൾ അറസ്റ്റിലായി എന്ന് വരും. അതുപോലെ, വെർജീനിയയിലെ ഒരു അധ്യാപകൻ അറസ്റ്റിലായി.
ഒപ്പം പഠിപ്പിക്കാനുള്ള ഇയാളുടെ ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. ക്രെസ്റ്റ്‍വുഡ് മിഡിൽ സ്കൂളിലെ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അധ്യാപകൻ വിദ്യാർത്ഥികളോട് പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ഒരു സഹപാഠിയെ എങ്ങനെയൊക്കെ കൊല്ലും, അതിനുള്ള ഐഡിയകൾ നാളെ വരുമ്പോൾ എഴുതിക്കൊണ്ട് വരണം എന്നാണ്.
അധ്യാപകൻ നൽകിയ അസൈൻമെന്റ് അല്ലേ, വിദ്യാർത്ഥികൾ അതുപോലെ അനുസരിക്കുകയും ചെയ്തു. പിറ്റേന്ന് വരുമ്പോൾ എങ്ങനെയൊക്കെ തങ്ങളുടെ സഹപാഠിയെ കൊല്ലാം എന്ന് വിദ്യാർത്ഥികൾ എഴുതിക്കൊണ്ട് വന്നിരുന്നു. അതിൽ വെട്ടിക്കൊല്ലാം, കുത്തിക്കൊല്ലാം, ജനാലയിലൂടെ വലിച്ചെറിയാം, ജീവനോടെ കത്തിക്കാം എന്നൊക്കെയാണ് വിദ്യാർത്ഥികൾ എഴുതിയിരുന്നത്. എന്നാൽ, ക്ലാസിൽ കൊല്ലാൻ എന്ന് പറഞ്ഞ് മാറ്റി നിർത്തിയ വിദ്യാർത്ഥി വീട്ടിൽ ചെന്ന് മാതാപിതാക്കളോട് ഈ വിവരം പറയുകയായിരുന്നു.
പിന്നാലെ, കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. അങ്ങനെ അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. കോടതി വിദ്യാർത്ഥികൾ എഴുതിക്കൊണ്ടുവന്ന ഉത്തരങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. അധ്യാപകൻ പറഞ്ഞത്, അസൈൻമെന്റ് നൽകുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. എന്നാൽ, പിന്നീട് അധ്യാപകൻ താൻ ചെയ്തത് തെറ്റാണ് എന്നും അങ്ങനെ ഒരു വിഷയം കുട്ടികൾക്ക് അസൈൻമെന്റ് എഴുതാനായി നൽകിയത് അനുചിതമാണ് എന്ന് മനസിലാക്കുന്നു എന്നും സമ്മതിച്ചു.
പിന്നാലെ ഇയാൾക്ക് അധ്യാപനത്തിനുള്ള തന്റെ ലൈസൻസ് തിരിച്ച് നൽകേണ്ടി വന്നു. ഏതായാലും, അയാൾക്കിനി വിദ്യാർത്ഥികളെ പഠിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം