Chile : 'ചിലിയിലെ ചുള്ളന്‍ ചെക്കന്‍' പ്രസിഡന്റായി അധികാരമേറ്റു

മുന്‍ സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ അടിച്ചേല്‍പ്പിച്ച സ്വതന്ത്ര വിപണി സാമ്പത്തിക മാതൃകയില്‍ (free-market economyl) സമൂലമായ പരിഷ്‌കാരങ്ങളാണ് ബോറിക് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് ഇത് അസമത്വമുണ്ടാക്കി എന്ന് ബോറിക് അഭിപ്രായപ്പെട്ടിരുന്നു. 

Gabriel Boric becomes Chiles youngest president

കാലാവസ്ഥാ വ്യതിയാനവും (Climate Change പാരിസ്ഥിതിക ദുരന്തങ്ങളും Environmental disasters  എന്തുവിലകൊടുത്തും കൈകാര്യം ചെയ്യുമെന്ന വാഗ്ദാനങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഗബ്രിയേല്‍ ബോറിക് (Gabriel Boric) ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരമേറ്റു. സോഷ്യല്‍ കണ്‍വര്‍ജന്‍സ് പാര്‍ട്ടി നേതാവായ ഈ 36-കാരന്‍ അഴിമതിക്കും അസമത്വത്തിനും എതിരെ രണ്ടു വര്‍ഷം മുമ്പ് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21-നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയുമായാണ് ബോറിക് ഇപ്പോള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയത്. 

 

 

ദേഹത്ത് പച്ചകുത്തിയ, ചുള്ളന്‍ താടിവച്ച, അപൂര്‍വമായി മാത്രം ടൈ ധരിക്കുന്ന ബോറിക് രൂപം കൊണ്ടുപോലും രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ നിരയില്‍നിന്നും വേറിട്ടു നില്‍ക്കുന്നുണ്ട്. കവിതയും ചരിത്രവും ഇഷ്ടപ്പെടുന്ന ബോറിക് മികച്ച വായനക്കാരനാണ്. സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. നീണ്ട മുടി അദ്ദേഹം ഉപേക്ഷിച്ചു. ഇരു കൈകളിലെയും ടാറ്റൂകള്‍ മറക്കുന്ന ജാക്കറ്റുകളാണ് ഇപ്പോള്‍ ധരിക്കുന്നത്.  

 

 

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ തീവ്ര വലതുപക്ഷക്കാരനും എതിരാളിയുമായ ജോസ് അന്റോണിയോ കാസ്റ്റിനെതിരെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷമാണ് ബോറിക് നേടിയത്. ഇത് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു പുതിയ അധ്യായത്തിനാണ് തുടക്കമിട്ടത്. 

സമ്പന്നര്‍ക്കും ഖനന വ്യവസായത്തിനും നികുതി വര്‍ധിപ്പിക്കുക, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികള്‍ നിരസിക്കുക, സാമൂഹിക സേവനങ്ങള്‍ മെച്ചപ്പെടുത്തുക, സ്വകാര്യ പെന്‍ഷന്‍ സമ്പ്രദായം തകര്‍ക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇടതുപക്ഷക്കാരനായ ബോറിക് തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തതത്. അസമത്വവും അഴിമതിയും നിറഞ്ഞ സമീപവര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബോറിക് ചിലിക്ക് വാഗ്ദാനം ചെയ്യുന്നത് പ്രതീക്ഷയുടെ ഭാവികാലമാണ്. മുന്‍ സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ അടിച്ചേല്‍പ്പിച്ച സ്വതന്ത്ര വിപണി സാമ്പത്തിക മാതൃകയില്‍നിന്നും (free-market economy) സമൂലമായ പരിഷ്‌കാരങ്ങളാണ് ബോറിക് വാഗ്ദാനം ചെയ്യുന്നത്. സ്വതന്ത്ര വിപണി മാതൃക രാജ്യത്ത് വലിയ അസമത്വമുണ്ടാക്കി എന്ന പക്ഷക്കാരനാണ് ബോറിക്.  

 

 

1986 ഫെബ്രുവരി 11 -ന് ചിലിയുടെ തെക്കന്‍ ഭാഗത്തുള്ള പുന്ത അരീനസില്‍ ജനിച്ച അദ്ദേഹം ഒരു പതിറ്റാണ്ട് മുമ്പ് നടന്ന ബഹുജനപ്രകടനത്തിന് നേതൃത്വം നല്‍കിയതോടെയാണ് അറിയപ്പെട്ടത്. അന്നദ്ദേഹം വെറുമൊരു വിദ്യാര്‍ത്ഥിയായിരുന്നു.  മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ സമരങ്ങള്‍.  നിയമ വിദ്യാര്‍ത്ഥിയായിരിക്കെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം  രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2013 -ല്‍ അദ്ദേഹം മഗല്ലന്‍സ് പ്രദേശത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വന്‍ വിജയത്തോടെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

മിതവാദി സോഷ്യലിസ്റ്റ് ആണെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. പെന്‍ഷന്‍ സമ്പ്രദായം മാറ്റിമറിക്കുക, സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹിക സേവനങ്ങള്‍ വിപുലീകരിക്കുക, വന്‍കിട കമ്പനികള്‍ക്കും സമ്പന്നരായ വ്യക്തികള്‍ക്കും നികുതി വര്‍ധിപ്പിക്കുക, ഹരിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചത്. സ്വവര്‍ഗവിവാഹത്തെയും ഗര്‍ഭച്ഛിദ്രത്തെയും അനുകൂലിക്കുന്ന അദ്ദേഹത്തിന് സ്ത്രീകളുടെ പിന്തുണയേറിയതും വിജയത്തിന് കാരണമായി. 

 

 

തന്റെ കാമുകിക്കൊപ്പമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ വിജയപ്രസംഗം നടത്തിയത്. 'താന്‍ ചിലിയിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രസിഡണ്ടാകും' എന്നാണ് അതില്‍ അദ്ദേഹം എടുത്തു പറഞ്ഞത്.
 

Latest Videos
Follow Us:
Download App:
  • android
  • ios