ഇതാണോ ലോകത്തിലെ ഏറ്റവും അപകടകാരിയായ പിസ? സാഹസികര്‍ക്ക് പ്രിയപ്പെട്ടത്, പാകം ചെയ്യുന്നത് അഗ്നിപർവതത്തിൽ
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, സാഹസികത ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിങ്ങളൊരു ഭക്ഷണപ്രേമിയാണോ? ആണെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ വിഭവങ്ങൾ രുചിച്ചു നോക്കാൻ നിങ്ങൾക്ക് ഇഷ്ടമായിരിക്കും. അങ്ങനെയുള്ളവർക്ക് ഭക്ഷണമെന്നാൽ വയറിന്റെ വിശപ്പ് മാറ്റൽ മാത്രമല്ല, ആത്മാവിന്റെ വിശപ്പ് കൂടി മാറ്റലാണ്. അതേസമയം, ഭക്ഷണത്തിന്റെ കാര്യത്തിൽ സാഹസികമായ ചില പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.
അത്തരത്തിലുള്ള ഒരു പ്രദേശം മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയിലുണ്ട്. അഗ്നിപർവ്വതത്തിൽ നേരിട്ട് പാകം ചെയ്ത പിസ്സയാണ് ഇവിടെ കിട്ടുക. അതേ ഈ വ്യത്യസ്തമായ പിസ പരീക്ഷിക്കുന്നതിന് വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്താറുണ്ടത്രെ. ഷെഫായ മരിയോ ഡേവിഡ് ഗാർഷ്യയാണ് കുറച്ച് കാലങ്ങളായി ഇവിടെ ഈ വ്യത്യസ്തമായ പിസയുണ്ടാക്കി വിളമ്പുന്നത്.
എന്നാൽ, ഈ പിസ അപകടകാരിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം സാധാരണ പിസയുണ്ടാക്കുന്ന മാർഗങ്ങളിലൂടെയല്ല ഇത് ഉണ്ടാക്കുന്നത് എന്നത് തന്നെ. പകരം അഗ്നിപർവതത്തിൽ നിന്നുള്ള ചാരവും തീജ്വാലയും ഒക്കെ ഉപയോഗിച്ചാണ് ഈ പിസ ഉണ്ടാക്കുന്നത്. ഇതിന്റെ രുചി വ്യത്യസ്തമാണ് എങ്കിലും ഇവിടുത്തെ മോശം വായുവടക്കമുള്ള കാരണങ്ങളാൽ ഈ പിസ ആരോഗ്യത്തിന് അത്ര നല്ലതല്ല.
അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്സൈഡിൻ്റെ അളവ് ഈ പ്രദേശത്ത് കൂടുതലാണ്. അതിനാൽ തന്നെ ഈ വാതകം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു, അന്തരീക്ഷ മലിനീകരണമുണ്ടാക്കുകയും ചെയ്യുന്നു.
എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, സാഹസികത ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, ഭക്ഷണപ്രേമികളും എല്ലാ റിസ്കുകളും അവഗണിച്ചു കൊണ്ട് ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ടത്രെ.
ലോട്ടറിയടിച്ചത് 70 കോടി, ആഡംബരത്തിൽ ഭ്രമമില്ല, ഒരു കുഞ്ഞുവീട്ടിലേക്ക് മാറണമെന്ന് ദമ്പതികൾ