ലോട്ടറിയടിച്ചത് 70 കോടി, ആഡംബരത്തിൽ ഭ്രമമില്ല, ഒരു കുഞ്ഞുവീട്ടിലേക്ക് മാറണമെന്ന് ദമ്പതികൾ
നേരത്തെ കാർപെറ്റ് ഫാക്ടറി തൊഴിലാളികളായിരുന്നു ഇരുവരും. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയത്താണ് ഇരുവർക്കും ലോട്ടറിയടിച്ചത്.
ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ലോട്ടറി അടിച്ചാൽ ചെയ്യാൻ ഒരായിരം കാര്യങ്ങൾ ലോട്ടറി ടിക്കറ്റ് എടുക്കാത്തവർ പോലും ആലോചിച്ചു വച്ചിട്ടുണ്ടാവും. എന്നാൽ, ലോട്ടറി അടിച്ച് വലിയൊരു തുക കയ്യിൽ കിട്ടിയാൽ ഇതൊന്നും ചെയ്യാൻ തോന്നിയില്ലെങ്കിലോ? അതുപോലെ ഒരനുഭവമാണ് വേക്ക്ഫീൽഡിൽ നിന്നുള്ള ദമ്പതികളായ അമാൻഡയ്ക്കും ഗ്രഹാം നീൽഡിനും പറയാനുള്ളത്.
2013 -ൽ നാഷണൽ ലോട്ടറിയിൽ നിന്നാണ് ഇരുവർക്കും 6.6 മില്യൺ പൗണ്ട് (ഏകദേശം 70 കോടി) ലോട്ടറിയടിച്ചത്. എന്നാൽ, സാധാരണ എല്ലാവരും ലോട്ടറിയടിച്ചാൽ വീട് വലുതാക്കണം എന്നല്ലേ പറയാറ്. എന്നാൽ, അമാൻഡയും ഗ്രഹാമും പറയുന്നത് തങ്ങളുടെ അഞ്ചുമുറി വീടിന്റെ വലിപ്പം കുറക്കണം എന്നാണ്. വലിയ തുകയാണ് കയ്യിൽ വന്നതെങ്കിലും വലിയ ആഡംബരമൊന്നുമില്ലാതെയാണ് ഇരുവരുടേയും ജീവിതം. കോടീശ്വരന്മാരായിട്ടും തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്.
59 -കാരിയായ അമാൻഡ ഡെയ്‌ലിസ്റ്റാറിനോട് പറഞ്ഞത്, “ലോട്ടറിയടിക്കുന്നത് വരെ ലോട്ടറിയടിച്ചാൽ ഷോപ്പിംഗ് ചെയ്ത് അടിച്ചുപൊളിക്കാൻ താൻ പാരീസിലേക്ക് പോകുമെന്ന് ഗ്രഹാമിനോട് പറയുമായിരുന്നു. അല്ലെങ്കിൽ ലോട്ടറിയടിച്ചാൽ ഞാൻ വാങ്ങാൻ പോകുന്ന കാറുകളും വീടുകളും ചൂണ്ടിക്കാണിക്കുമായിരുന്നു. എന്നാൽ, ലോട്ടറിയടിച്ചതോടെ എനിക്ക് അതൊന്നും വേണ്ടാ എന്നാണ് തോന്നിയത്. അത് വിചിത്രമായി തോന്നുന്നു“ എന്നാണ്.
നേരത്തെ കാർപെറ്റ് ഫാക്ടറി തൊഴിലാളികളായിരുന്നു ഇരുവരും. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയത്താണ് ഇരുവർക്കും ലോട്ടറിയടിച്ചത്. വിജയികളായ ദിവസം ഇരുവരും ഒരു കാർ ബൂട്ട് സെയിലിൽ നിന്നും മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അമാൻഡയുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനായി അങ്ങോട്ട് മാറുന്നതിന് മുമ്പ് തങ്ങളുടെ സാധനങ്ങൾ വിൽക്കുകയായിരുന്നു ഇരുവരും.
എന്നാൽ, ലോട്ടറിയടിച്ചപ്പോൾ ഇരുവരും ജോലിയിൽ നിന്ന് വിരമിച്ചു. ഒരു ബംഗ്ലാവും അതിനൊപ്പം ഒരു കെട്ടിടവും പണിതു. അമാൻഡയുടെ പ്രായമായ മാതാപിതാക്കളെ നന്നായി പരിചരിക്കാനും സാധിച്ചു. അതാണ് ലോട്ടറിയടിച്ചതിലുള്ള ഏറ്റവും വലിയ സന്തോഷം എന്നും ഇവർ പറയുന്നു.
തങ്ങൾ വലിയ വിലയുടെ സാധനങ്ങൾ വാങ്ങാനിഷ്ടപ്പെട്ടില്ല എന്നും ഈ സമ്പത്തുകൊണ്ട് തങ്ങളുടെ മക്കളെയോ കൊച്ചുമക്കളെയോ ധാരാളികളാക്കിയില്ല എന്നും ദമ്പതികൾ പറയുന്നു. സാധാരണ എല്ലാവരും ലോട്ടറിയടിച്ചാൽ വലിയ വലിയ വീട്ടിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇപ്പോൾ തങ്ങളുടെ വലിയ ബംഗ്ലാവ് വിറ്റ് ഒരു ചെറിയ മൂന്ന് മുറി വീട്ടിലേക്ക് മാറാനാണ് ദമ്പതികളുടെ ആഗ്രഹം.
(ചിത്രം പ്രതീകാത്മകം)
ഭർത്താവിന് തന്നേക്കാൾ പ്രധാനം പൂച്ച, പരാതിയുമായി യുവതി, കേസ് കോടതിയിൽ