80 -കാരിയുടെ വ്യാജമരണസർട്ടിഫിക്കറ്റ്, താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ എട്ടുമാസം നെട്ടോട്ടമോടി സ്ത്രീ
തന്റെ പേരിൽ വ്യാജ മരണസർട്ടിഫിക്കറ്റ് നിർമ്മിച്ചതിനെ തുടർന്ന് ഒടുവിൽ ലഖ്പതി ദേവിയ്ക്ക് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയാക്കാൻ എട്ട് മാസത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്വത്ത് തർക്കങ്ങൾ കുടുംബങ്ങൾ തമ്മിലുള്ള വലിയ വലിയ തർക്കത്തിലും വേർപിരിയലിലും കലാശിക്കുന്നത് പുതിയ സംഭവമല്ല. ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ ജീവിച്ചിരുന്നിട്ടും സർക്കാർ രേഖകളിൽ ഒരു സ്ത്രീ മരിച്ചതായി പ്രഖ്യാപിച്ച ഒരു സ്വത്ത് തർക്ക കേസ് ബിഹാറിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്.
ജാമുയി ജില്ലയിലെ മധോപൂർ പഞ്ചായത്തിലെ ബുധ്വാദിഹ് ഗ്രാമത്തിലാണ് ഈ സംഭവം. റിപ്പോർട്ടുകൾ പ്രകാരം 80 -കാരിയായ ലഖ്പതി ദേവിയുടെ പേരിലാണ് ബന്ധുക്കൾ വ്യാജ മരണ സർട്ടിഫിക്കറ്റ് സമ്പാദിച്ചത്. തങ്ങൾക്ക് കൂടി അവകാശപ്പെട്ട സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ബന്ധുക്കളുടെ ശ്രമമാണ് ഇതെന്നാണ് ലഖ്പതി ദേവിയുടെ മകൻ ലാൽകിഷോർ യാദവ് പറയുന്നത്. പിതാവ് ധനേശ്വർ യാദവ് തന്റെ അമ്മയെ കൂടാതെ മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തിരുന്നു എന്ന് ലാൽകിഷോർ പറയുന്നു. ഈ ബന്ധത്തിൽ തന്റെ അച്ഛന് കുഞ്ഞുങ്ങളും പിറന്നിരുന്നു.
എന്നാൽ അച്ഛന്റെ മരണശേഷം അദേഹത്തിന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ തട്ടിയെടുക്കാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും ആ ബന്ധത്തിലുണ്ടായ മക്കളും ശ്രമിക്കുന്നതായാണ് ലാൽകിഷോർ പറയുന്നത്. ഇതിനായി ജീവിച്ചിരിക്കുന്ന തന്റെ അമ്മയുടെ വ്യാജ മരണ സർട്ടിഫിക്കറ്റ് നിർമിച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ലാൽ കിഷോർ പറയുന്നു.
തന്റെ പേരിൽ വ്യാജ മരണസർട്ടിഫിക്കറ്റ് നിർമ്മിച്ചതിനെ തുടർന്ന് ഒടുവിൽ ലഖ്പതി ദേവിയ്ക്ക് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയാക്കാൻ എട്ട് മാസത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോരാട്ടത്തിനൊടുവിൽ അവരുടെ കേസ് കോടതിയിൽ അംഗീകരിക്കപ്പെട്ടു. മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ട കോടതി തട്ടിപ്പുകാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു.
ഏതായാലും ഇപ്പോൾ തങ്ങൾക്ക് നീതി ലഭിച്ച സന്തോഷത്തിലാണ് ലഖ്പതി ദേവിയും മകൻ ലാൽ കിഷോറും. ധനേശ്വർ യാദവിന്റെ പേരിലുണ്ടായിരുന്ന 4.5 ഏക്കർ കൃഷിഭൂമി തട്ടിയെടുക്കാനായിരുന്നു ബന്ധുക്കളുടെ ഈ തട്ടിപ്പ്.