4 കോടി രൂപ വർഷം വരുമാനം, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച സ്വപ്നജീവിതമെന്ന് യുവാവ്, രൂക്ഷവിമർശനം
'എനിക്ക് 23 വയസ്സ് പ്രായമുണ്ട്, പ്രതിവർഷം 5,00,000 ഡോളർ വരുമാനം ലഭിക്കുന്നു. എൻ്റെ പ്രായത്തിലുള്ള വിദ്യാർഥികൾ ജീവിതം ആസ്വദിച്ച് നടക്കുമ്പോൾ ഞാൻ ഉറക്കമില്ലാതെ രാത്രികൾ ജോലി ചെയ്തു. സാമൂഹിക പരിപാടികളിൽ നിന്ന് വിട്ടുനിന്നു.'
സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാകാൻ ആളുകൾ സ്വന്തം ജീവിതകഥകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സാധാരണമാണ്. പലപ്പോഴും ഇത്തരം പ്രചോദനാത്മക വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. എന്നാൽ, കഴിഞ്ഞ ദിവസം തൻറെ ജീവിതവിജയത്തെക്കുറിച്ച് വാചാലനായ ഒരു യുവാവിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത് രൂക്ഷവിമർശനമാണ്.
പ്രതിവർഷം 500,000 ഡോളർ (4 കോടിയിലധികം) സമ്പാദിക്കാൻ താൻ ചെയ്ത ത്യാഗത്തെക്കുറിച്ച് വാചാലനായ കെഎപി ഡിജിറ്റലിൻ്റെ സ്ഥാപകൻ കുശാൽ അറോറയ്ക്കാണ് സോഷ്യൽ മീഡിയയിൽ നിന്നും വിമർശനം നേരിടേണ്ടി വന്നത്. തൻറെ എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. യുവതലമുറയ്ക്ക് അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുന്നു എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം.
കോടികൾ സമ്പാദിക്കുന്ന നിലയിലേക്ക് താൻ വളർന്നതിനു പിന്നിൽ ഒരുപാട് ത്യാഗവും കഠിനാധ്വാനവും ഉണ്ട് എന്നായിരുന്നു കുശാൽ അറോറ പോസ്റ്റിൽ പറഞ്ഞത്. സ്വപ്നം കണ്ട ഒരു ജീവിതത്തിലേക്ക് എത്താൻ താൻ ഓരോ ദിവസവും ദീർഘനേരം ജോലി ചെയ്യുകയും ഒരുപാട് രാത്രികളിലെ ഉറക്കം ത്യജിക്കുകയും ചെയ്തു എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു.
''എനിക്ക് 23 വയസ്സ് പ്രായമുണ്ട്, പ്രതിവർഷം 5,00,000 ഡോളർ വരുമാനം ലഭിക്കുന്നു. എൻ്റെ പ്രായത്തിലുള്ള വിദ്യാർഥികൾ ജീവിതം ആസ്വദിച്ച് നടക്കുമ്പോൾ ഞാൻ ഉറക്കമില്ലാതെ രാത്രികൾ ജോലി ചെയ്തു. സാമൂഹിക പരിപാടികളിൽ നിന്ന് വിട്ടുനിന്നു. പരാജയങ്ങളും തിരസ്കാരങ്ങളും നേരിട്ടു. ബാലൻസ് നഷ്ടപ്പെടുത്തി. ഞാൻ അതാണ് തിരഞ്ഞെടുത്തത്. നിങ്ങൾ നിങ്ങളുടെ സ്വപ്നജീവിതം കെട്ടിപ്പടുക്കുകയാണോ?'' ഇതായിരുന്നു കുശാലിന്റെ ട്വീറ്റ്.
ഓരോരുത്തരും അവരവരുടെ ജീവിതമാണ് ജീവിക്കുന്നത്, നിങ്ങളെപ്പോലെ ഇത്രമാത്രം സമ്പാദിക്കണമെന്ന് സ്വപ്നം കാണുന്നവരല്ല എല്ലാവരും എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ആളുകളെ അവർ ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നും അനാവശ്യനിബന്ധനകളും സമ്മർദ്ദങ്ങളും ആരുടെ മേലും ചെലുത്തരുതെന്നും സോഷ്യൽ മീഡിയാ ഉപയോക്താക്കൾ കൂട്ടിച്ചേർത്തു.
മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ, എല്ലാം ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ