ബോസിനെക്കൊണ്ട് കഷ്ടപ്പെടുകയാണോ, അവരെ ശകാരിക്കണോ? ഈ കമ്പനി സഹായിക്കും
ഏതെങ്കിലും തൊഴിലാളികളിൽ നിന്ന് അഭ്യർത്ഥന ലഭിച്ചാൽ കമ്പനി നിയോഗിക്കുന്ന വ്യക്തി ശകാരക്കാരന്റെ റോളിൽ അവിടെയെത്തും. പരാതിക്കാരനെ കുറിച്ച് വെളിപ്പെടുത്താതെ തന്നെ മേലുദ്യോഗസ്ഥനെ കണ്ട് പരാതികൾ നേരിട്ട് അറിയിക്കുകയും വിമർശനങ്ങൾ ഉയർത്തുകയും ചെയ്യും.
മേലധികാരികളുടെ അനീതിക്കെതിരെ ശബ്ദമുയർത്താൻ ആഗ്രഹമുണ്ടെങ്കിലും പരിണിതഫലങ്ങൾ ഭയന്ന് നിശബ്ദരാകുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ശബ്ദമുയർത്താൻ ഒരു സ്ഥാപനം തയ്യാറാണ്. കേൾക്കുമ്പോൾ കൗതുകം തോന്നാം. പക്ഷേ സംഗതി സത്യമാണ്.
മേലധികാരികളെ ശാസിക്കാനും വിമർശിക്കാനും ആഗ്രഹിക്കുന്ന ജീവനക്കാർക്കായി ഈ കമ്പനി ശബ്ദമുയർത്തും. ജീവനക്കാർക്ക് തങ്ങളുടെ വിമർശനങ്ങളും ആക്ഷേപങ്ങളും കമ്പനിയെ അറിയിച്ചാൽ അവരെ അജ്ഞാതമായി നിർത്തിക്കൊണ്ടുതന്നെ കമ്പനി മേലധികാരികളെ ശാസിക്കും.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 280,000 ഫോളോവേഴ്‌സുള്ള ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയനും നടനുമായ കാലിമർ വൈറ്റ് എന്ന് ഓൺലൈനിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ. OCDA എന്നറിയപ്പെടുന്ന ഈ സ്ഥാപനം ഈ വർഷം ആദ്യമാണ് പ്രവർത്തനം ആരംഭിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഈ സ്ഥാപനത്തെക്കുറിച്ച് പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. 9.4 ദശലക്ഷത്തിലധികം ആളുകളാണ് ആ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ OCDA -യെ അറിഞ്ഞത്.
സ്ഥാപനത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ് OCDA.
ഏതെങ്കിലും തൊഴിലാളികളിൽ നിന്ന് അഭ്യർത്ഥന ലഭിച്ചാൽ കമ്പനി നിയോഗിക്കുന്ന വ്യക്തി ശകാരക്കാരന്റെ റോളിൽ അവിടെയെത്തും. പരാതിക്കാരനെ കുറിച്ച് വെളിപ്പെടുത്താതെ തന്നെ മേലുദ്യോഗസ്ഥനെ കണ്ട് പരാതികൾ നേരിട്ട് അറിയിക്കുകയും വിമർശനങ്ങൾ ഉയർത്തുകയും ചെയ്യും. സാഹചര്യം എത്രത്തോളം പ്രക്ഷുബ്ധമായാലും മേലധികാരി എത്രമാത്രം അസ്വസ്ഥനായാലും, ഏജൻ്റ് തൻറെ ജോലി പൂർത്തിയാക്കും.
ഓരോ ശകാരത്തിനും ശേഷം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യും. നേരിട്ട് സേവനം നൽകാൻ കഴിയാത്ത സ്ഥലങ്ങളിൽ ഫോണിലൂടെയാണ് ശകാരിക്കുന്നത്. ഈ സേവനങ്ങളുടെ ചാർജ്ജ് വെളിപ്പെടുത്തിയിട്ടില്ല.