Asianet News MalayalamAsianet News Malayalam

ചെരുപ്പുതുന്നുന്ന വൃദ്ധൻ, തെരുവുമൃ​ഗങ്ങൾക്ക് അവിടെയുണ്ട് അഭയം, കരുണയുള്ള ഹൃദയം കണ്ട് സഹായിക്കാൻ ആളുകൾ

പോസ്റ്റ് വൈറലായതിനെ തുടർന്ന് ഒരുപാട് പേരാണ് അദ്ദേഹത്തെ സഹായിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച, അദ്ദേഹത്തിന് പണം സംഭാവന നൽകിയ മുഴുവനാളുകളുടെയും പേരടങ്ങിയ കാർഡും കാശും അദ്ദേഹത്തിന് കൈമാറി.

Cobbler in benagluru helps stray dogs and kitten people helping him
Author
First Published Sep 19, 2024, 8:46 PM IST | Last Updated Sep 19, 2024, 8:46 PM IST

ചെരുപ്പ് തുന്ന‌ലാണ് ബെം​ഗളൂരുവിൽ നിന്നുള്ള രാമയ്യ അങ്കിൾ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഈ മനുഷ്യന്റെ ജോലി. എന്നാൽ, അദ്ദേഹം വാർത്തയായത് ഇതൊന്നും കൊണ്ടല്ല, തന്റെ സ്നേഹവും ദയയും നിറഞ്ഞ പെരുമാറ്റം കാരണമാണ്. തന്റെ കു‍ഞ്ഞുകടയിൽ മൂന്ന് തെരുവുനായകൾക്കും ഒരു പൂച്ചക്കുഞ്ഞിനും അ​ദ്ദേഹം അഭയം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ഡിസംബറിലാണ് രാമയ്യ അങ്കിളിന്റെ ഈ നല്ല മനസിനെ കുറിച്ചുള്ള കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. Leia the Golden Indie എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരുന്നത്. "ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഡെക്കാത്‌ലോണിന് പുറത്ത് ചെരുപ്പ് തുന്നുന്ന ഈ മനുഷ്യന് ഒരു ചെറിയ കടയുണ്ട്" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്. 

അതിനൊപ്പം ഒരു ക്രൗഡ് ഫണ്ടിം​ഗിനെ കുറിച്ചും പറയുന്നുണ്ട്. “നിങ്ങൾ എപ്പോഴെങ്കിലും അതുവഴി കടന്നുപോവുകയാണെങ്കിൽ യഥാർത്ഥ സ്നേഹവും ദയയും ദാനശീലവും എങ്ങനെയായിരിക്കുമെന്ന് കാണാൻ നിങ്ങൾ ഒരു നിമിഷം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഷൂ നന്നാക്കുന്ന ജോലി ചെയ്യുന്ന ആ ചെറിയ സ്ഥലത്ത്, കുറഞ്ഞത് 3 നായ്ക്കളെങ്കിലും സുഖമായി ഉറങ്ങുന്നതും ഒരു ചെറിയ പൂച്ചക്കുട്ടി കളിക്കുന്നതും നിങ്ങൾക്ക് കാണാം” എന്നും പോസ്റ്റിൽ പറയുന്നുണ്ട്. നായകളെയും പൂച്ചകളെയും പരിചരിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്, പരിക്കേറ്റവയെ ആശുപത്രിയിലും എത്തിക്കും.

പോസ്റ്റ് വൈറലായതിനെ തുടർന്ന് ഒരുപാട് പേരാണ് അദ്ദേഹത്തെ സഹായിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച, അദ്ദേഹത്തിന് പണം സംഭാവന നൽകിയ മുഴുവനാളുകളുടെയും പേരടങ്ങിയ കാർഡും കാശും അദ്ദേഹത്തിന് കൈമാറി. പണത്തിൽ പകുതി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുക. അതിന് അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന് വീഡിയോ പങ്കുവച്ച യൂസർ പറയുന്നു. പകുതി തുക ആ ഭാ​ഗത്തെ തെരുവുനായകൾക്ക് ഭക്ഷണം നൽകാനുള്ളതാണ്. 

കണ്ണുനിറഞ്ഞുകൊണ്ടാണ് രാമയ്യ അങ്കിൾ തനിക്ക് ലഭിച്ച സംഭാവനയെ കുറിച്ച് അറിഞ്ഞത്. നാല് മാസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന് ഒരു മകളും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios