കിംഗ് ജോങ് അലേ, പുടിൻ പോർട്ടർ മുതൽ ഒസാമ ബിൻ ലാഗർ വരെ... വൈറലായി ബ്രിട്ടനിലെ പബ്ബും ബിയറും
ഓരോ ബാരൽ ഒസാമ ബിൻ ലാഗറിന്റെ വിൽപനയിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സെപ്തംബർ 11 ഇരകളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് നൽകുന്നുവെന്ന പ്രത്യേകതയും ദമ്പതികൾക്കുണ്ട്
ലിങ്കൺഷെയർ: വേറിട്ട പേരുകൊണ്ടും ബിയർ കുപ്പിയിലെ ഡിസൈൻ കൊണ്ടും വൈറലായി ബ്രിട്ടനിൽ ഒരു ബിയർ കമ്പനി. ആവശ്യക്കാരുടെ ഡിമാന്റ് ഏറിയതിന് പിന്നാലെ വെബ്സൈറ്റ് വഴിയുള്ള ബിയർ വിൽപന താൽക്കാലികമായി നിർത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ലിങ്കൺഷെയറിലെ മിഷെൽ ബ്രൂവിംഗ് കോ. കിംഗ് ജോങ് അലേ, പുടിൻ പോർട്ടർ എന്നിങ്ങനെ വൈറലായ ഡിസൈനുകളിൽ ബിയർ നിർമ്മിച്ചിരുന്ന മിഷെൽ ബ്രൂവിംഗ് കോയുടെ ഏറ്റവും പുതിയ ബിയറാണ് വൻ ജനശ്രദ്ധ നേടിയിരിക്കുന്നത്. ഒസാമ ബിൻ ലാഗർ എന്നാണ് പുതിയ ബിയറിന്റെ പേര്. പേരിനൊപ്പം ബിയർ കുപ്പിയിൽ ഒസാമ ബിൻ ലാദന്റെ കാരിക്കേച്ചർ ചിത്രവും ബിയർ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽ ഖ്വയ്ദ തീവ്രവാദ സംഘടനയുടെ നേതാവായ ഒസാമ ബിൻ ലാദൻ 2011ലാണ് കൊല്ലപ്പെട്ടത്. ലൂക്ക്, കാതറിൻ എന്ന ദമ്പതികളാണ് മിഷെൽ ബ്രൂവറിയുടെ ഉടമകൾ. ബ്രൂവറിയും പബ്ബുമാണ് ലിങ്കൺഷെയറിലെ ബില്ലിംഗ്ഹേയിൽ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായി. നേരത്തെ ഉത്തര കൊറിയൻ നേതാവ് കിംഗ് ജോങ് ഉന്നിന്റെ കാരിക്കേച്ചർ ചിത്രത്തോടെയുള്ള കിംഗ് ജോങ് അലേ ബിയറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചിത്രത്തോടെ പുടിൻ പോർട്ടർ ബിയറും ഇവർ നിർമ്മിച്ച് വിപണിയിലെത്തിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലെ ഒസാമ ബിൻ ലാഗർ ബിയറിന്റ പരസ്യത്തിന് വലിയ രീതിയിലാണ് പ്രതികരണങ്ങൾ ലഭിക്കുന്നത്. ഫോൺ വിളികളും നിലയ്ക്കുന്നില്ലെന്നും ദമ്പതികൾ പറയുന്നു. ഓരോ ബാരൽ ഒസാമ ബിൻ ലാഗറിന്റെ വിൽപനയിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സെപ്തംബർ ഭീകരാക്രമണത്തിലെ 11 ഇരകളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് നൽകുന്നുവെന്ന പ്രത്യേകതയും ദമ്പതികൾക്കുണ്ട്. വിൻസ്റ്റൺ ചർച്ചിൽ അടക്കമുള്ള നേതാക്കളുടെ പേരിൽ ബിയർ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രതികരണം ലഭിക്കുന്നത് ആദ്യമായെന്നാണ് ബിയർ നിർമ്മാതാക്കൾ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം