ആറ് രാത്രികളും പകലുകളും, കനത്ത മഴയും കാട്ടുജന്തുക്കളും വേറെ, കാട്ടിൽ കുടുങ്ങിയ 82 -കാരൻ രക്ഷപ്പെട്ടതിങ്ങനെ
ഇതിനെല്ലാം പുറമെ അട്ടകളുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും വേറെയുണ്ടായിരുന്നു. ഒരു മരത്തിന് താഴെയാണ് ഈ ആറ് ദിവസങ്ങളും 82 -കാരൻ കഴിച്ചുകൂട്ടിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ദക്ഷിണ കന്നഡയിലെ വനമേഖലയിൽ കാണാതായ 82 വയസ്സുകാരനെ ആറ് ദിവസത്തിന് ശേഷം കണ്ടെത്തി. വസുരണ്യ എന്നയാളെയാണ് ആറ് ദിവസത്തിന് ശേഷം കാട്ടിൽ കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മെയ് 21 -നാണ് 82 -കാരൻ കാട്ടിനകത്തേക്ക് പോകുന്നത്. കണ്ടെത്തുന്നത് 26 -നും.
പട്ടിണിയും മറ്റ് പ്രതിസന്ധികളുമുണ്ടായെങ്കിലും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ജീവനോടെ കാക്കുകയായിരുന്നു. കാട്ടിലെത്തിയ വസുരണ്യയ്ക്ക് തിരികെ വരുമ്പോൾ വഴി തെറ്റുകയായിരുന്നത്രെ. കുറേ ശ്രമിച്ചെങ്കിലും വഴി കണ്ടെത്താനാകാതെ ഇയാൾ കാട്ടിനകത്ത് തന്നെ കുടുങ്ങിപ്പോവുകയായിരുന്നു. ആറ് പകലുകളും ആറ് രാത്രികളുമാണ് ഇയാൾ കാട്ടിൽ കഴിച്ചു കൂട്ടിയത്. കനത്ത മഴയായിരുന്നു ഈ ദിവസങ്ങളിൽ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനെല്ലാം പുറമെ അട്ടകളുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും വേറെയുണ്ടായിരുന്നു. ഒരു മരത്തിന് താഴെയാണ് ഈ ആറ് ദിവസങ്ങളും 82 -കാരൻ കഴിച്ചുകൂട്ടിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അവിനാഷ് ഭിഡെ എന്ന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സംഘം വസുരണ്യയ്ക്ക് വേണ്ടി കാടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. അദ്ദേഹം ഏതെങ്കിലും കുഴിയിലോ മറ്റോ വീണുപോയിരിക്കാം എന്നാണ് പലരും കരുതിയത്. അതുപോലെ വല്ല ആനയോ മറ്റോ ആക്രമിച്ചിരുന്നിരിക്കാം എന്നും പട്ടിണി കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മ നശിച്ചിരിക്കാം എന്നും കരുതിയവരും ഉണ്ട്.
രക്ഷപ്പെടാൻ ഒരു മാർഗവും കാണാതായപ്പോൾ വസുരണ്യ ഒരു പാറപ്പുറത്ത് കയറിനിൽക്കുകയും സഹായത്തിന് വേണ്ടി ഉറക്കെ ഉറക്കെ ശബ്ദമുണ്ടാക്കുകയുമായിരുന്നു. ഒടുവിൽ, തിരച്ചിൽ നടത്തുകയായിരുന്ന ദുരന്തനിവാരണസംഘത്തിന്റെ കാതിൽ ഈ ശബ്ദമെത്തിയതോടെയാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്.
കടുത്ത വിശപ്പിനേയും കാലാവസ്ഥയേയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചിട്ടും പിടിച്ചുനിന്ന 82 -കാരന്റെ നിശ്യദാർഢ്യത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ നാട്ടുകാർ.