'മനുഷ്യൻ എന്ന ഭീകരജീവി'; 80 ശതമാനം ചരിത്രാതീത മൃഗങ്ങളുടെയും വംശനാശത്തിന് കാരണം മനുഷ്യന്‍
1,000 എ ഡിയാകുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന 57 തരം മെഗാഹെർബിവോറുകളില്‍ അവസാനിച്ചത് വെറും 11 ഇനങ്ങള്‍ മാത്രമാണ്. അത്രയേറെ ക്രൂരമായിരുന്നു ഹോമോസാപ്പിയന്‍സുകളുടെ വേട്ട.
ചരിത്രാതീത കാലത്തെ കൂറ്റന്‍ മൃഗങ്ങളുടെ നാശത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്ന് പഠനം. മനുഷ്യന്‍റെ പൂര്‍വ്വീകരായിരുന്ന അക്കാലത്തെ ഹോമോസാപ്പിയന്‍സിന്‍റെ (homo sapiens) അനിയന്ത്രിതമായ വേട്ട മൂലമാണ് മെഗാഹെർബിവോറുകളുടെ (megaherbivores) വംശനാശം സംഭവിച്ചതെന്ന് പുതിയ പഠനം പറയുന്നു. 1,000 കിലോഗ്രാം (2,200 പൗണ്ട്) ഭാരത്തിൽ കൂടുതൽ ഭാരമുള്ള വലിയ സസ്യഭുക്കുകളെയാണ് മെഗാഹെർബിവോറുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇവ ഏതാണ്ട് 30 കോടി വർഷങ്ങൾക്ക് മുമ്പ് ആദ്യകാല പെർമിയനിൽ സിനാപ്സിഡുകളുടെ രൂപത്തിൽ ഭൂമിയില്‍ രൂപം കൊണ്ടവയാണെന്ന് കരുതപ്പെടുന്നു.
ഒരു കോടി 40 ലക്ഷം മുതല്‍ ഒരു കോടി 20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഹോമോസാപ്പിയന്‍സിന്‍റെ നിരന്തര വേട്ടയെ തുടര്‍ന്നാണ് മെഗാഹെർബിവോറുകള്‍ക്ക് വംശനാശം സംഭവിച്ചതെന്നും അതല്ലാതെ, ഇതുവരെ കരുതിയ രീതിയില്‍ കാലാവസ്ഥാ വ്യതിയാനമായിരുന്നില്ല ഇവയുടെ വംശനാശത്തിന് കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ലാറ്റ് - ക്വാട്ടേണറി മെഗാഫൗണ വംശനാശം (late-Quaternary megafauna extinction) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷം വര്‍ഷം മുമ്പാണ് ഇത്തരം സംഭവികാസങ്ങളുടെ തുടക്കം.
അക്കാലത്ത് കൂറ്റന്‍ ജീവിവര്‍ഗങ്ങളായ മാമോത്തുകള്‍ മഞ്ഞുമൂടിയ സമതലങ്ങളില്‍ അലഞ്ഞു നടന്നപ്പോള്‍, നീണ്ട സേബർ പല്ലുകളുള്ള കടുവകളും ഗ്രൗണ്ട് സ്ലോത്തുകളും സമൃദ്ധമായ കാടുകള്‍ അടക്കി ഭരിച്ചു. തങ്ങളുടെ കൂട്ടത്തിനും വംശത്തിനും ഇത്തരം ഭീമാകാരമായ ജീവികള്‍ വെല്ലുവിളികളാണെന്ന് തിരിച്ചറിഞ്ഞ ഹോമോസാപ്പിയന്‍സ്, മറ്റ് ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് മാത്രം സ്വന്തമായ ബുദ്ധിവികാസം ഉപയോഗിച്ച് നിര്‍മ്മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച് ഇവയെ വേട്ടയാടാന്‍ ആരംഭിച്ചു. ഇതിനായി നീണ്ട കുന്തങ്ങളും കല്ലായുധങ്ങളും വ്യാപകമായി നിർമ്മിക്കപ്പെട്ടു. 1,000 എ ഡിയാകുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന 57 തരം മെഗാഹെർബിവോറുകളില്‍ അവസാനിച്ചത് വെറും 11 ഇനങ്ങള്‍ മാത്രമാണ്. അത്രയേറെ ക്രൂരമായിരുന്നു ഹോമോസാപ്പിയന്‍സുകളുടെ വേട്ട.
അതിദാരുണമായ ആ വേട്ടയെ അതിജീവിച്ച 139 മെഗാഫൗണ സ്പീഷീസുകളുടെ ഡിഎൻഎ വിശകലനം ചെയ്ത് ഡാനിഷ് പരിസ്ഥിതി ശാസ്ത്രജ്ഞനും ബയോജിയോഗ്രാഫറുമായ ജെൻസ്-ക്രിസ്റ്റ്യൻ സ്വെന്നിംഗ് 2023 ല്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇദ്ദേഹത്തിന്‍റെ പഠനത്തോടെ ഭൂമിയില്‍ പല പൌരാണിക ജീവികളുടെയും വംശനാശം കാലാവസ്ഥാ വ്യതിയാനം മൂലാണെന്ന പരമ്പരാഗത വിശ്വാസത്തിനാണ് കോട്ടം തട്ടിയത്. ഇതോടെ ഭൂമിയിലെ ജീവജാലങ്ങളുടെ വംശനാശത്തിന് കാലാവസ്ഥയേക്കാള്‍ മനുഷ്യന്‍റെ പൂര്‍വ്വീകരുടെ കൈയൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ടെന്ന സിദ്ധാന്തത്തിന് ഏറെ പ്രചാരം ലഭിച്ചു.