വന്യമൃഗങ്ങൾക്ക് പിന്നാലെ കള്ളന്മാരും, വാഴക്കുല, തേങ്ങ, അടയ്ക്ക ഒന്നും ബാക്കിയില്ല, ദുരിതത്തിലായി കർഷകൻ

ഈ വർഷം ഒരു വാഴക്കുല പോലും ബാലചന്ദ്രന് കൃഷിയിടത്തിൽ നിന്ന് കിട്ടിയിട്ടില്ല. മുപ്പെത്തുന്ന കുലകൾ ഓരോന്നായി മോഷണം പോകുന്ന അവസ്ഥയാണുള്ളത്

with wild animals thief steals crops in Malappuram farmer complaints police yet to find any clue

മലപ്പുറം: വിളവെടുക്കാൻ പാകമായ വാഴക്കുലകളും അടക്കയും മോഷ്ടിക്കുന്നത് പതിവായതോടെ ദുരിതത്തിലായി മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ കർഷകൻ. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിലാണ് മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുന്നത്. വിളവെടുക്കാൻ കർഷകൻ എത്തും മുൻപേ എല്ലാം മോഷ്ടാവ് അടിച്ചുമാറ്റുന്നതാണ് നിലവിലെ സ്ഥിതി. 

അധ്വാനത്തിൻറെ പ്രതിഫലം കിട്ടാതെ ദുരിതത്തിലായതോടെ കർഷകൻ കാളികാവ് പൊലീസിൽ പരാതി നൽകിയത്. കണാരംപടിയിലെ ചാത്തൻമാർ തൊടിക ബാലചന്ദ്രനാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ഒരു വാഴക്കുല പോലും ബാലചന്ദ്രന് കൃഷിയിടത്തിൽ നിന്ന് കിട്ടിയിട്ടില്ല. മുപ്പെത്തുന്ന കുലകൾ ഓരോന്നായി മോഷണം പോകുന്ന അവസ്ഥയാണുള്ളത്. വാഴക്കുലക്ക് പുറമെ അടയ്ക്ക, തേങ്ങ തുടങ്ങിയ വിളകളും മേഖലയിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്. 

കവുങ്ങിൽ കയറി അടയ്ക്ക കുല ഉൾപ്പെടെ പറിച്ചെടുക്കുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. കണാരംപടിക്കും അടയ്ക്കാക്കുണ്ടിനും ഇടയിലാണ് കൃഷിയിടമുള്ളത്. ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ കൃഷിയിടത്തിൽ പ്രവേശിക്കാനുള്ള വഴികളുണ്ട്. വാഴക്കുല വെട്ടിയെടുത്ത ശേഷം മോഷണം ശ്രദ്ധയിൽ പെടാതിരിക്കാനായി വാഴ തന്നെ മുറിച്ചുമാറ്റുകയും മോഷ്ടാക്കൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അടയ്ക്ക മോഷ്ടിക്കാനെത്തിയ മോഷ്ടാവിനെ തോട്ടം പാട്ടത്തി ന് എടുത്തയാൾ കൈയോടെ പിടികൂടിയിരുന്നു. 

രാത്രിയിലടക്കം കാർഷിക വിളകൾ മോഷണം പോകുന്നുണ്ടെന്നാണ് ബാലചന്ദ്രൻ പരാതിപ്പെടുന്നത്. സമീപത്തെ കൃഷിയിടങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഉണ്ടെങ്കിലും ആരും പരാതി ഉന്നയിച്ചിട്ടില്ല. അവസരം മുതലെടുത്ത് മോഷണം പതിവാക്കിയതോടെയാണ് ബാലചന്ദ്രൻ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ആറ് മാസം മുമ്പ് കറുത്തേനി ഭാഗത്ത് റബർ, അടയ്ക്ക, തേങ്ങ തുടങ്ങിയവ പതിവായി മോഷ്ടിച്ചിരുന്നു. ഒരു വർഷത്തിനിടെ 25ലേറെ മോഷണങ്ങൾ കറുത്തേനി മേഖലയിൽ നടന്നെങ്കിലും മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios