ഒറ്റവർഷം, ഓടടാ ഓട്ടം, 4 ദിവസം കൂടി മതി ഈ യുവാവിന് ആഫ്രിക്ക മുഴുവനും ഓടിത്തീർക്കാൻ
ഏപ്രിൽ ഏഴിന് ഓട്ടം പൂർത്തിയാക്കുന്നതോടെ ആഫ്രിക്ക മുഴുവൻ ഓടിത്തീർക്കുന്ന ആദ്യത്തെ വ്യക്തിയായിത്തീരും റസ് കുക്ക്.
ഒരു വർഷം കൊണ്ട് ആഫ്രിക്ക മുഴുവൻ ഓടിത്തീർത്ത് ചരിത്രനേട്ടം സ്വന്തമാക്കി അൾട്രാമാരത്തൺ റണ്ണർ റസ് കുക്ക്. ഹാർഡസ്റ്റ് ഗീസർ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 345 ദിവസങ്ങളിലായി, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഏകദേശം 376 മാരത്തണുകൾ പൂർത്തിയാക്കി.
ഏപ്രിൽ ഏഴിന് ഓട്ടം പൂർത്തിയാക്കുന്നതോടെ ആഫ്രിക്ക മുഴുവൻ ഓടിത്തീർക്കുന്ന ആദ്യത്തെ വ്യക്തിയായിത്തീരും റസ് കുക്ക്. 2023 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയുടെ മുനമ്പിൽ നിന്ന് ആരംഭിച്ച ഇദ്ദേഹത്തിന്റെ ഓട്ടം ടുണീഷ്യയിലെ ബിസെർട്ടിൽ ആണ് അവസാനിക്കുക. ഒരു സുഹൃത്തിന്റെ പ്രേരണയിൽ ആരംഭിച്ച ഈ മാരത്തൺ ചലഞ്ചിനിടയിൽ വിസ പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, കവർച്ച തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും ചലഞ്ചിൽ നിന്ന് പിന്മാറാൻ റസ് തയ്യാറായില്ല.
ആഫ്രിക്കയ്‌ക്ക് മുമ്പ്, അദ്ദേഹം ഏഷ്യയിലൂടെ ലണ്ടനിലേക്ക് ഓടിയും ചരിത്രം കുറിച്ചിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥമാണ് റസ് ഓരോ മാരത്തൺ ചലഞ്ചും നടത്തുന്നത്. ദ റണ്ണിംഗ് ചാരിറ്റി, സാൻഡ്ബ്ലാസ്റ്റ്, വാട്ടർ എയ്ഡ് എന്നീ മൂന്ന് ചാരിറ്റികൾക്കായി റസ് ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇതിനോടകം വിവിധ ചലഞ്ചുകളിലൂടെ £430,080 (ഏകദേശം 4.50 കോടി രൂപ) സമാഹരിച്ചു കഴിഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി 1,000,000 പൗണ്ട് (ഏകദേശം 10 കോടി രൂപ) സമാഹരിക്കാനാണ് റസ് പദ്ധതിയിട്ടിരിക്കുന്നത്. തന്റെ ധനസമാഹരണ പേജിലൂടെ റസ് ഇപ്പോഴും സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
'പ്രൊജക്റ്റ് ആഫ്രിക്ക' എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ മാരത്തണിലൂടെ റസ് കുക്ക് ലക്ഷ്യം വെക്കുന്നത് ആഫ്രിക്കയിലുടനീളം ഓടുന്ന ആദ്യത്തെ വ്യക്തിയാകുക എന്നതാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ടുണീഷ്യയിലേക്ക് ഏകദേശം 9000 മൈൽ ആണ് അദ്ദേഹം ഈ ചലഞ്ചിലൂടെ പൂർത്തിയാക്കുന്നത്. ഈ അവിശ്വസനീയമായ യാത്രയിൽ റസ് 16 രാജ്യങ്ങൾ സന്ദർശിച്ചു. മരുഭൂമികൾ, മഴക്കാടുകൾ, പർവതങ്ങൾ, കാടുകൾ എന്നിവയുൾപ്പെടെ ഭൂമിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിലൂടെയും റസ് കുക്ക് സഞ്ചരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം