Asianet News MalayalamAsianet News Malayalam

6400 വജ്രങ്ങള്‍, 4 കിലോ സ്വര്‍ണം; എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി നാണയം, ചെലവ് 192 കോടി രൂപ

ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിതെന്ന് അവകാശവാദം

192 Crore Coin Unveiled In Honour Of Queen Elizabeth II SSM
Author
First Published Sep 9, 2023, 1:29 PM IST | Last Updated Sep 9, 2023, 1:30 PM IST

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം അനാച്ഛാദനം ചെയ്‌തു. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് നാണയം നിർമിച്ചത്. ഏകദേശം 23 മില്യൺ ഡോളർ (192 കോടി രൂപ) വിലമതിക്കുന്നതാണ് നാണയം.

ലക്ഷ്വറി ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചത്. ദി ക്രൌണ്‍ എന്ന പേരുള്ള നാണയം രാജ്ഞിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നു. 

16 മാസം കൊണ്ടാണ് നാണയം നിര്‍മിച്ചത്.  കൊവിഡ് മഹാമാരിയുടെ കാലത്ത് വജ്രങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായി. ഇതോടെയാണ് നിര്‍മാണം വൈകിയത്. സ്കൈ ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നാണയത്തിന് 9.6 ഇഞ്ചിലധികം വ്യാസമുണ്ട്, ബാസ്‌കറ്റ് ബോളിന്റെ വലിപ്പവും. മേരി ഗില്ലിക്, ആർനോൾഡ് മച്ചിൻ, റാഫേൽ മക്‌ലൂഫ്, ഇയാൻ റാങ്ക് ബ്രോഡ്‌ലി എന്നിവരാണ് കോയിനിലെ ഛായാചിത്രങ്ങള്‍ വരച്ചത്. മധ്യത്തിലുള്ള നാണയത്തിന് 2 പൗണ്ടിലധികം ഭാരമുണ്ട്. ചുറ്റുമുള്ള ചെറിയവയ്ക്ക് ഓരോന്നിനും 1 ഔൺസാണ് ഭാരം.

കിരീടം അതിസൂക്ഷ്മമായാണ് നിര്‍മിച്ചതെന്നും വജ്രങ്ങൾ മുറിച്ച് ഓരോന്നായി പതിപ്പിക്കുകയായിരുന്നുവെന്നും കമ്പനി പറഞ്ഞു. രാജ്ഞിയുടെ ഉദ്ധരണികൾ നാണയത്തിന്റെ രണ്ട് വശങ്ങളിലായി കൊത്തിവെച്ചിട്ടുണ്ട്. 

ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ നാണയമെന്ന ഗിന്നസ് ലോക റെക്കോർഡ് ഡബിൾ ഈഗിളിന്‍റെ പേരിലാണ്. 18.9 മില്യൺ ഡോളറായിരുന്നു വില. 2021 ജൂണിൽ സോത്ത്ബൈസ് ന്യൂയോർക്കില്‍ ആയിരുന്നു ലേലം. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ നാണയം ലേലം ചെയ്യുമോയെന്ന് വ്യക്തമല്ല.

Latest Videos
Follow Us:
Download App:
  • android
  • ios