അച്ഛനെതിരെ പരാതി, 10 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയത് ഒരു വർഷത്തിൽ എട്ട് തവണ
ഒടുവിലത്തെ സംഭവം നടന്നത് കഴിഞ്ഞ മാസമാണ്. മൂന്നുമണിയോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
അച്ഛനും അമ്മയ്ക്കും തന്നോട് സ്നേഹമില്ല. കൂടുതൽ സ്നേഹം മറ്റ് മക്കളോടാണ് ഇങ്ങനെ ചിന്തിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. നമ്മിൽ പലരും കുഞ്ഞുങ്ങളുടെ ഇത്തരം പരിഭവം പറച്ചിലുകളെ കാര്യമായി ഗൗനിക്കാതെ വിട്ടുകളയാറുമുണ്ട്. എന്നാൽ, ഈ ചിന്തകൾ അവരിലുണ്ടാക്കുന്ന മുറിവ് ചിലപ്പോൾ വളരെ വലുതായിരിക്കാം. അത് തെളിയിക്കുന്ന ഒരു സംഭവമാണ് ചൈനയിൽ നടന്നിരിക്കുന്നത്.
10 വയസ്സുള്ള ഒരു കുട്ടി അച്ഛനെപ്പോഴും തന്നെ അവഗണിക്കുന്നു എന്ന് പരാതി പറയാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയത് എട്ട് തവണയാണ്. ഒരു വർഷത്തിനുള്ളിലാണ് കുട്ടി എട്ട് തവണ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ളതാണ് എട്ട് വയസ്സുകാരൻ. ഓരോ തവണ വീട്ടുകാർ തന്നെ അവഗണിക്കുന്നു എന്ന് തോന്നുമ്പോഴും കുട്ടി ഒരു കിലോമീറ്റർ ദൂരം നടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെല്ലും.
ഒടുവിലത്തെ സംഭവം നടന്നത് കഴിഞ്ഞ മാസമാണ്. മൂന്നുമണിയോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. അതിൽ ഒരു പൊലീസുകാരന്റെ അടുത്തിരിക്കുന്ന കുട്ടിയെ കാണാം. ആരാണ് നിന്നെ ഇത്രയും ദേഷ്യം പിടിപ്പിച്ചത് എന്ന് പൊലീസുകാരൻ അവനോട് ചോദിക്കുന്നുണ്ട്. അച്ഛൻ എന്നാണ് അവൻ പറയുന്നത്. ഒപ്പം തണുപ്പിനെ പ്രതിരോധിക്കാൻ സാധിക്കാത്ത തരത്തിലുള്ള വസ്ത്രമാണ് അവൻ ധരിച്ചിരുന്നത്. അതേ കുറിച്ച് ചോദിക്കുമ്പോഴേക്കും അവൻ പൊട്ടിക്കരഞ്ഞു തുടങ്ങിയിരുന്നു.
അപ്പോഴേക്കും അവന്റെ അച്ഛൻ ഒരു കോട്ടുമായി അവിടെ എത്തുകയും ആ കോട്ട് അവനെ ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവനത് സമ്മതിക്കുന്നില്ല. പിന്നീട്, എന്തുകൊണ്ടാണ് അച്ഛനോട് തനിക്കിത്ര ദേഷ്യം എന്നും അവൻ വിവരിക്കുന്നു. അച്ഛന് തന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ല എന്നാണ് കുട്ടി പറയുന്നത്. അതുപോലെ, താരതമ്യം ചെയ്യുമ്പോൾ തന്നേക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും അച്ഛൻ തന്റെ ചേച്ചിക്ക് കൊടുക്കുന്നുണ്ട് എന്നും കുട്ടി പറയുന്നു.
പിന്നീട്, അവന്റെ മാതാപിതാക്കൾ പൊലീസിനോട് തങ്ങളുടെ ഭാഗത്ത് തെറ്റുണ്ട് എന്നും ജോലിത്തിരക്കും മറ്റും കാരണം കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല, ഇനിയങ്ങനെ ഉണ്ടാവില്ല എന്നും സമ്മതിച്ചത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം