30 മിനിറ്റിനുള്ളിൽ ഭക്ഷണമെത്തിക്കുന്നവരുടെ ജീവിതം, ചായയുംബിസ്കറ്റും കൊണ്ട് വിശപ്പടക്കുന്ന ഫുഡ് ഡെലിവറി ഏജന്‍റ്
വളരെ പെട്ടെന്ന് തന്നെ ആളുകളെ വീഡിയോ സ്പർശിച്ചു. ചിലർ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ടിപ്പ് കൊടുത്തു കൊണ്ട് കഴിയും വിധത്തിൽ അവരെ സഹായിക്കുന്നതിനെ കുറിച്ച് ഓർമ്മിപ്പിച്ചു.
ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുക എന്നത് ഇന്നൊട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. കയ്യിൽ ഒരു മൊബൈലുണ്ടെങ്കിൽ വെറും മിനിറ്റുകൾക്കുള്ളിൽ ബുക്ക് ചെയ്യാം. അധികം വൈകാതെ തന്നെ ഭക്ഷണം നമ്മുടെ അടുത്തെത്തുകയും ചെയ്യും. എന്നാൽ, പലപ്പോഴും ഓർഡർ ചെയ്ത ഭക്ഷണം എത്തുന്നത് എന്തെങ്കിലും കാരണം കൊണ്ട് വൈകിയാൽ ഡെലിവറി ഏജന്റുമാരോട് ദേഷ്യപ്പെടുന്നവരും നിരവധിയാണ്. എന്നാൽ, അവരുടെ ജീവിതം ഇത്തരത്തിൽ ഉള്ളത് കൂടിയാണ് എന്ന് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
ഇൻസ്റ്റഗ്രാം യൂസറായ Utkarash ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ഫുഡ് ഡെലിവറി ഏജന്റ് ഒരു ചെറിയ കടയുടെ മുന്നിലിരുന്നു കൊണ്ട് ബിസ്കറ്റും ചായയും കഴിക്കുന്നതാണ് കാണുന്നത്. വീഡിയോയുടെ കാപ്ഷനിൽ '30 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുന്നയാൾ പലപ്പോഴും ബിസ്കറ്റും ചായയും കൊണ്ട് വയറു നിറയ്ക്കും' എന്ന് കുറിച്ചിട്ടുണ്ട്. 'അവരെന്താണ് ചെയ്യേണ്ടത്? എല്ലാത്തിനുമുപരിയായി ഇതിനുശേഷം വളരെ വേഗത്തിൽ അവർക്ക് നിങ്ങളുടെ പിസ എത്തിക്കേണ്ടതല്ലേ' എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്.
വൈകാരികമായ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മൂന്ന് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. വളരെ പെട്ടെന്ന് തന്നെ ആളുകളെ വീഡിയോ സ്പർശിച്ചു. ചിലർ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ടിപ്പ് കൊടുത്തു കൊണ്ട് കഴിയും വിധത്തിൽ അവരെ സഹായിക്കുന്നതിനെ കുറിച്ച് ഓർമ്മിപ്പിച്ചു. മറ്റ് ചിലർ അവരോട് കാരണമില്ലാതെ ദേഷ്യപ്പെടുന്നത് അവസാനിപ്പിക്കണം എന്നതിനെ കുറിച്ചാണ് സംസാരിച്ചത്. മറ്റൊരാൾ കുറിച്ചത് 'ഒരു ഡെലിവറി ബോയ് എന്ന നിലയിൽ എനിക്കിത് മനസിലാകും' എന്നാണ്. ചെറിയ ശമ്പളമേയുള്ളൂ എങ്കിലും ഒരുപാട് അധ്വാനമുള്ള ജോലിയാണ് ഇത് എന്നും ചിലർ കുറിച്ചു.