24 മണിക്കൂർ ഭിക്ഷാടന ചലഞ്ച് നടത്തി യുവാവ്; ഒരു ദിവസം കൊണ്ട് സമ്പാദിച്ചത് എത്രയെന്ന് അറിയണ്ടേ? വീഡിയോ വൈറൽ
പണത്തിനായി യാചിച്ചാല്‍ ജനങ്ങളുടെ പ്രതികരണം ഏങ്ങനെയാണെന്ന് അറിയാനുള്ള യുവാവിന്‍റെ ശ്രമം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.
സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി സമൂഹ മാധ്യമ ഇൻഫ്ലുവൻസേഴ്സ് പലതരത്തിലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളാണ് പങ്കുവയ്ക്കുന്നത്. അവയിൽ പലതും കാഴ്ചക്കാരെ ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. ഏതാനും ദിവസങ്ങൾ മുൻപ് കൊൽക്കത്ത സ്വദേശിയായ ഒരു യുവാവ് ഏറെ വ്യത്യസ്തമായ ഒരു വീഡിയോ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചു. 24 മണിക്കൂർ ഭിക്ഷാടന ചലഞ്ചിന്‍റെ വീഡിയോയാണ് ഇദ്ദേഹം പങ്കുവെച്ചത്. അല്പം വിചിത്രമായ ഈ വെല്ലുവിളിയോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും ഒരു ദിവസം തനിക്ക് എത്രമാത്രം സമ്പാദിക്കാൻ സാധിക്കുമെന്നും കണ്ടെത്തുന്നതിനായിരുന്നു ഇത്തരത്തിൽ ഒരു സോഷ്യല്‍ എക്സ്പിരിമെന്‍റിന് അദ്ദേഹം തുനിഞ്ഞത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പോരുടെ ശ്രദ്ധനേടി. കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളും ലഭിച്ചു.
“24 മണിക്കൂർ ഭിക്ഷാടന ചലഞ്ച്” എന്ന കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിൽ തെരുവിൽ യുവാവ് ഭിക്ഷാടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണുള്ളത്. കീറിയ വസ്ത്രങ്ങൾ ധരിച്ച് കൈയ്യിൽ ഒരു പാത്രവുമായി കൊൽക്കത്ത നഗരത്തിന്‍റെ തിരക്കേറിയ തെരുവുകളിലൂടെ യുവാവ് ഭിക്ഷ യാചിക്കുന്നത് വീഡിയോയിൽ കാണാം. ഭിക്ഷാടനത്തിന് ശേഷം തനിക്ക് കിട്ടിയത് 34 രൂപ തെരുവിൽ ഉണ്ടായിരുന്ന ഭിക്ഷ യാചിക്കുന്ന മറ്റൊരു യുവതിക്ക് യുവാവ് കൊടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
നാല് ദിവസം മുമ്പ് സമൂഹ മാധ്യമത്തില്‍ ഷെയർ ചെയ്ത വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്‍റുകളും ലഭിച്ചു. ഏകദേശം 2 ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടു. ചിലര്‍ ഇത് നല്ലൊരു സാമൂഹിക പരീക്ഷണമായെന്ന് വീഡിയോയെ വിശേഷിപ്പിച്ചെങ്കിലും മറ്റനവധി പേര്‍ വിമർശന സ്വരം ഉയർത്തി. സമൂഹ മാധ്യമ പ്രശസ്തിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ ആളുകൾക്ക് മടിയില്ലെന്നതിന് ഉദാഹരണമാണ് ഈ വീഡിയോ എന്നായിരുന്നു ചിലർ കുറിച്ചത്. ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് കൊണ്ട് ആർക്ക് എന്ത് പ്രയോജനമെന്നും നിരവധി പേർ സംശയം പ്രകടിപ്പിച്ചു.