ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് ഹര്‍ജിക്കാര്‍

കേസിൽ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ വ്യക്തമാക്കി.

petitioners said that they did not want to proceed with complaint Hema committee report

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. കേസിൽ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ വ്യക്തമാക്കി. പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ല. കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. താത്പര്യമില്ലാത്തവരുടെ മൊഴിയടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ 19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.

അതേ സമയം,  ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നൽകിയിരുന്നു. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു. നേരത്തെ നടി മാലാ പാർവ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. 

മൊഴി നൽകിയപ്പോൾ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തൻ്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികൾ പരിപൂർണ്ണതയിൽ എത്തണം എന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കുന്നു. അഭിഭാഷക ലക്ഷ്മി എൻ കൈമളാണ് നടിക്കായി ഹർജി ഫയൽ ചെയ്തത്.

അതേസമയം, സംസ്ഥാന വനിത കമ്മീഷൻ നൽകിയ സത്യവാങ് മൂലത്തിൽ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. എസ്ഐടി അന്വേഷണം സുപ്രീം കോടതി റദ്ദാക്കിയാൽ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios