മകളുടെ വിവാഹം വിമാനത്തിൽ, 30 വർഷം മുമ്പ് അച്ഛന്‍റെ വിവാഹവും വിമാനത്തിൽ; വൈറലായി വീഡിയോ !
ലോകമെമ്പാടുമുള്ള 350 വിശിഷ്ടാതിഥികളുമായി ദുബായിൽ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂർ കൊണ്ട് പറന്ന ജെറ്റെക്‌സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
വിവാഹാഘോഷങ്ങള്‍ ഇന്ത്യയില്‍ വച്ച് നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതില്‍ കാര്യമില്ലാതില്ല. ഇന്ത്യയിലെ ശതകോടീശ്വരന്മാരായ വ്യവസായികള്‍ മക്കളുടെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത് പാരീസും ദുബായിയും പോലുള്ള വിദേശ രാജ്യങ്ങള്‍. നിലവില്‍ ശതകോടികള്‍ മറിയുന്ന വാണിജ്യ പരിപാടിയായി വിവാഹാഘോഷങ്ങള്‍ മാറിക്കഴിഞ്ഞു. വിദേശങ്ങളിലേക്ക് വിവാഹ വേദികള്‍ മാറ്റുമ്പോള്‍, അതുവഴി രാജ്യത്തിന്‍റെ സമ്പത്ത് രാജ്യത്തിന് പുറത്ത് പോകും. ഇതിന് തടയിടാനാണ് പ്രധാനമന്ത്രി വിവാഹങ്ങള്‍ രാജ്യത്തിനകത്ത് വച്ച് നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ ഒരു ബോയിംഗ് വിമാനത്തില്‍ വന്ന ഇന്ത്യന്‍ വ്യവസായിയുടെ മകളുടെ വിവാഹാഘോഷത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
യു.എ.ഇ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയും ഹൃദേഷ് സൈനാനിയും നവംബർ 24-ന് ജെറ്റെക്‌സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തില്‍ വച്ച് വിവാഹിതരാകുന്ന വീഡിയോയായിരുന്നു അത്. വരനും വധുവും ഉൾപ്പെടെയുള്ള വിവാഹ അതിഥികൾ വിമാനത്തിൽ വച്ച് ട്യൂൺ മാരി എൻട്രിയാൻ നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ നീങ്ങുമ്പോൾ ചടങ്ങുകൾക്കായി ഒരുക്കിയ പ്രത്യേക സ്ഥലവും കാണാം. വിമാനത്തിൽ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പങ്കെടുത്തത്. ലോകമെമ്പാടുമുള്ള 350 വിശിഷ്ടാതിഥികളുമായി ദുബായിൽ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂർ കൊണ്ട് പറന്ന ജെറ്റെക്‌സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
യുവതിയുടെ ഷൂവുമായി പോകുന്ന ഡെലിവറി ബോയ്; തലസ്ഥാനത്തെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്ത കുറിപ്പ് വൈറല്‍
വരനും കുടുംബവും ദുബായിലെ അൽ മക്തൂം എയർപോർട്ടിന് സമീപമുള്ള ജെടെക്‌സ് വിഐപി ടെർമിനലിൽ വച്ച് തന്നെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ വച്ച് വരനും വധുവും തങ്ങളുടെ വിവാഹം ഇത്രയും ഭംഗിയാക്കിയതിന് മാതാപിതാക്കളോട് നന്ദി പറഞ്ഞു. ഇത്തരമൊരു ആഘോഷത്തിലൂടെ കടന്ന് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വധുവും പറഞ്ഞു. “വിമാനത്തിൽ വച്ച് എന്‍റെ ഹൈസ്‌കൂൾ പ്രണയിനിയെ വിവാഹം കഴിക്കാനായതില്‍ ഞാൻ വളരെ സന്തുഷ്ടനാണ്. ജെടെക്‌സിന് നന്ദി, എല്ലാവർക്കും നന്ദി. ഞങ്ങളുടെ രണ്ട് മാതാപിതാക്കൾക്കും ഞങ്ങളുടെ രണ്ട് പിതാക്കന്മാര്‍ക്കും നന്ദി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു." വരന്‍ പറഞ്ഞു. "എന്‍റെ മകൾക്ക് വേണ്ടി ഇത് ചെയ്യാൻ ഞാൻ എപ്പോഴും സ്വപ്നം കാണുന്നു, എല്ലാ സ്വപ്നങ്ങളും നിറവേറ്റുന്നതിനാൽ ദുബായേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല." ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1994 ല്‍ ദിലീപിന്‍റെ അച്ഛൻ ലക്ഷ്മൺ പോപ്ലി, മകന്‍റെ വിവാഹം നടത്തിയത് എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു. ഇന്ത്യയിലും ദുബായിലും ജ്വല്ലറി ബിസിനസ് ഉള്ള വ്യാവസായിയാണ് ദിലീപ് പോപ്ലി.