വിഷത്തേളിനെ വായില്‍ വച്ച് ആരാധന; ആന്ധ്രാപ്രദേശിൽ നിന്നുള്ള വീഡിയോ വൈറല്‍ !
വിഷ തേളുകളെ വെറും കൈയുപയോഗിച്ച് പിടിച്ച് നൂലില്‍ കോര്‍ത്ത് ഭക്തര്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാല്‍ മാരകമായ വേദന അനുഭവിക്കും. എന്നാല്‍, ദൈവാധീനമുള്ള ദിവസത്തില്‍ തേളുകള്‍ കുത്തില്ലെന്ന് വിശ്വാസികള്‍ അവകാശപ്പെടുന്നു.
ഇന്ത്യ ഏറെ വൈവിധ്യമുള്ള ഒരു രാജ്യമാണ്. കശ്‍മീര്‍ മുതല്‍ കന്യാകുമാരിവരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും ഒന്നിനൊന്ന് വൈവിധ്യമുള്ള ജനതയും ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ തന്നെ ചിലന്തിയെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. അത് പോലെ രാജസ്ഥാനിലെ എലിയെ ആരാധിക്കുന്ന ക്ഷേത്രവും പ്രശസ്തമാണ്. എന്തിന് ബ്രിട്ടീഷ് വാഹന കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റിന് പോലും ക്ഷേത്രമുള്ള (രാജസ്ഥാന്‍) നാടാണ് ഇന്ത്യ. ദൈവത്തിനുള്ള ആരാധനയില്‍ മദ്യം പോലും ഇവിടെ ഉപയോഗിക്കപ്പെടുന്നു. ഈ വൈവിധ്യം നിറഞ്ഞ വിശ്വാസത്തിലെ മറ്റൊരു ധാരയാണ് ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കോണ്ട്രായുടി കൊണ്ടയിലെ (കോണ്ട്രായുടി പർവ്വതം) കൊണ്ടലരായുഡു ആരാധന.
എല്ലാ വർഷവും, ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച, കൊണ്ടലരായുഡു വിശ്വാസികള്‍ മാരകമായ തേളുകളെ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഈ ദിവസം ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. കുന്നിന്‍ മുകളിലുള്ള കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കല്ലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ധാരാളം തേളുകളെ കാണാം. ഇങ്ങനെ കാണുന്ന വിഷ തേളുകളെ വെറും കൈയുപയോഗിച്ച് പിടിച്ച് നൂലില്‍ കോര്‍ത്ത് ഭക്തര്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാല്‍ മാരകമായ വേദന അനുഭവിക്കും. എന്നാല്‍, ദൈവാധീനമുള്ള ദിവസത്തില്‍ തേളുകള്‍ കുത്തില്ലെന്ന് വിശ്വാസികള്‍ അവകാശപ്പെടുന്നു.
സ്പൈഡര്‍മാനോ ഇത്; ജയില്‍ ചാടിയ കൊലയാളിക്കായി ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ച് അന്വേഷണം !
കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പിടിഐ തങ്ങളുടെ എക്സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. വീഡിയോ വളരെ വേഗം പ്രചരിക്കപ്പെട്ടു. വീഡിയോയില്‍ സ്ത്രീകളും യുവാക്കളും കുന്നിന്‍ മുകളിലെ കല്ലുകള്‍ക്കിടയില്‍ നിന്നും തേളുകളെ പിടികൂടി ചരട് കെട്ടി കൈയിലും തലയിലും വയ്ക്കുന്നത് കാണാം. പിന്നീട് ഈ തേളുകളെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും വീഡിയോയിലുണ്ട്. വിശേഷ ദിവസം ആന്ധ്രയ്ക്ക് പുറമേ കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളും ഇവിടെ എത്തുന്നു. ബാലാജിയുടെ മറ്റൊരു പേരായ 'ഗോവിന്ദ' മൂന്ന് പ്രാവശ്യം ഉരുവിടുമ്പോൾ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലെ കൊണ്ടലരായുഡുവിന് തേളുകൾ നൽകി ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ക്ഷേത്രം ചെയർമാൻ യെദുല മഹേശ്വര റെഡ്ഡി പറയുന്നു. ഹിന്ദു വിശ്വാസികള്‍ മാത്രമല്ല, പ്രാദേശികരായ മറ്റ് മതവിശ്വാസികളും തങ്ങളുടെ പ്രാര്‍ത്ഥനകളുമായി വിശേഷ ദിവസം ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക