അഭിമാനം ഈ പതാക; ബിരുദദാനച്ചടങ്ങിനിടെ ഇന്ത്യൻ പതാക നിവർത്തി വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥി
ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇന്ത്യക്കാരാണ് എന്നതിൽ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. അതുപോലെ തന്നെയാണ് നമുക്ക് ഇന്ത്യയുടെ പതാകയും. അത്രയേറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് നാം നമ്മുടെ രാജ്യത്തിന്റെ പതാക ചേർത്ത് പിടിക്കുന്നത്. അതുപോലെ ആ പതാക ഉയർത്തിപ്പിടിക്കാൻ അവസരം കിട്ടിയാൽ നാമത് ചെയ്യും. അങ്ങനെ സ്വന്തം രാജ്യത്തിന്റെ പതാക അഭിമാനത്തോടെ ചേർത്ത് പിടിക്കുന്ന വിദേശത്തുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥിയുടെ ബിരുദദാന ചടങ്ങ് നടക്കുകയാണ്. ആ സമയത്ത് വിദ്യാർത്ഥി പരമ്പരാഗത ഇന്ത്യൻ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കുർത്തയും ദോത്തിയും ഗ്രാജ്വേഷൻ റോബും ധരിച്ചിരിക്കുന്ന വിദ്യാർത്ഥി വേദിയിലേക്ക് വരുന്നത് കാണാം. ശേഷം സദസിൽ ഇരിക്കുന്നവരെ നോക്കി രണ്ട് കയ്യും കൂപ്പി നമസ്കാരം പറയുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനായി ചെല്ലവെ അവൻ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ പതാക കയ്യിലെടുക്കുകയും അത് നിവർത്തുകയും ചെയ്യുന്നത് കാണാം. ഇന്ത്യയുടെ നിവർത്തിപ്പിടിച്ച പതാകയുമായി വേദിയിലൂടെ വിദ്യാർത്ഥി നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം. ആ സമയത്ത് കയ്യടിയും ഉയരുന്നുണ്ട്.
ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകളുമായി എത്തിയതും. 'അവൻ ഒരു ബിരുദം നേടി, നിരവധിപ്പേരുടെ ഹൃദയവും' എന്നാണ് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 'ഈ യുവാവിന് സല്യൂട്ട്' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം മറ്റൊരാൾ, 'എന്തുകൊണ്ടാണ് എന്ന് അറിയില്ല ഇതെന്നെ സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തെ കുറിച്ച് ഓർമ്മിപ്പിച്ചു' എന്നാണ് കമന്റ് നൽകിയിരിക്കുന്നത്.