നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; മൂന്ന് സഹപാഠികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 27 ആം തീയതി വരെയാണ് മൂന്ന് വിദ്യാർത്ഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മൂവർ സംഘത്തിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കഴിഞ്ഞ ദിവസമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. അതേസമയം, അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിക്കുകയാണ് കുടുംബം. കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം