'9/11 സ്മാരക കുള'ത്തില്‍ ചാടിയ 33 കാരൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന വീഡിയോ !
യുവാവിന്‍റെ അതിസാഹസികതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിലെ നോർത്ത് പൂളിലേക്ക് ചാടിയ 33 കാരനായ മാൻഹട്ടൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂളിൽ ചാടിയ ഇയാളുടെ കാലുകൾക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. യുവാവ് മ്യൂസിയത്തിനുള്ളിലെ റിഫ്ലക്റ്റിങ്ങ് പൂളിലേക്ക് കടക്കുന്നത് പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി യുവാവിനെ പിടികൂടുകയും ചെയ്തു. തീവ്രവാദി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിലനിന്നിരുന്ന സ്ഥലത്താണ് 9/11 സ്മാരക കുളം നിര്‍മ്മിച്ചത്.
യുവാവിന്‍റെ അതിസാഹസികതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവ് കുളത്തിന്‍റെ സെൻട്രൽ ബേസിനിലെ 18 ഇഞ്ച് ആഴത്തിലുള്ള പൂളിലേക്ക് സാവധാനം അടുക്കുന്നതും തുടർന്ന് ബോധപൂർവമായ ഉദ്ദേശത്തോടെ കുളത്തിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇയാള്‍ 20 അടി താഴ്ചയുള്ള കുളത്തിലേക്ക് തെന്നി ഇറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കാലുകൾക്ക് പരിക്കേറ്റ് രക്തം ഒഴുകുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഇയാളുടെ പ്രവർത്തി ശ്രദ്ധയിൽപെട്ട മ്യൂസിയം അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുർന്ന് എമർജൻസി മെഡിക്കൽ സർവീസ് ടീമിനൊടൊപ്പം സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പൂളിൽ നിന്നും പുറത്തിറക്കി. ചാട്ടത്തിനിടെ ഇയാളുടെ ഇടതുകാലിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ ഇത്തരം പെരുമാറ്റങ്ങൾ തടയാൻ കുളത്തിന് ചുറ്റും ചങ്ങലകൾ സ്ഥാപിച്ചു. തീവ്രവാദി ആക്രമണങ്ങളുമായി അദ്ദേഹത്തിന് വ്യക്തിപരമായ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും, തന്‍റെ പിതാവിനോടുള്ള ബഹുമാനാർത്ഥമാണ് ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക