എല്ലാം ഒരു ജോലിക്ക് വേണ്ടി; അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത് 3000 പേർ, എഞ്ചിനീയർമാരുടെ നീണ്ടനിര, വീഡിയോ
നിരവധിപ്പേരാണ് വീഡിയോയ്ക്ക് വ്യത്യസ്തമായ കമന്റുകളുമായി എത്തിയത്. 'ഈ വരിയൊന്നും ഒരു വരിയേ അല്ല. ജോലി കിട്ടാൻ വേണ്ടി ആളുകൾ കഷ്ടപ്പെടുകയാണ്' എന്ന് പറഞ്ഞവരുണ്ട്.
'എഞ്ചിനീയറിംഗ് പഠിച്ചു, പക്ഷേ ജോലിയില്ലാതെ നടക്കുകയാണ്' എന്ന് പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. തൊഴിലില്ലായ്മ ഇന്നൊരു വലിയ പ്രശ്നം തന്നെയാണ്. അടുത്തിടെ പൂനെയിൽ നിന്നും പകർത്തിയ ഒരു വീഡിയോ ഇത് തെളിയിക്കുന്ന തരത്തിലുള്ളതാണ്. ജൂനിയർ ഡെവലപ്പർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് വേണ്ടി വരി നിൽക്കുന്നവരാണ് വീഡിയോയിൽ ഉള്ളത്.
പത്തോ നൂറോ പേരൊന്നുമല്ല ആ വരിയിൽ നിൽക്കുന്നത്. മറിച്ച് 3000 പേരെങ്കിലും കാണും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോലിക്ക് വേണ്ടി 2,900 -ലധികം പേർ റെസ്യൂമെകൾ സമർപ്പിച്ചു എന്നാണ് പറയുന്നത്. ഐടി മേഖലയ്ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ഹിഞ്ചവാഡി. വീഡിയോയിൽ ആളുകൾ ബയോഡാറ്റയും മറ്റും കയ്യിൽ പിടിച്ചു കൊണ്ടാണ് നിൽക്കുന്നത്.
യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും ഐടി തൊഴിൽ മാർക്കറ്റുമെല്ലാം ചർച്ച ചെയ്യപ്പെടാൻ ഈ വീഡിയോ കാരണമായി. ഇപ്പോൾ പഠനം കഴിഞ്ഞിറങ്ങിയ യുവാക്കളാണെങ്കിലും ജോലിയിൽ പരിചയം ഉള്ളവരാണെങ്കിലും ജോലി കിട്ടാൻ വലിയ പ്രയാസമാണ്. വലിയ മത്സരമാണ് ഇവർക്കിടയിൽ നടക്കുന്നത്. എങ്ങനെയെങ്കിലും ഒരു നല്ല ജോലി വാങ്ങിയെടുക്കാൻ വേണ്ടി ആളുകൾ പെടാപ്പാടു പെടുകയാണ് എന്നാണ് നെറ്റിസൺസ് പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് വ്യത്യസ്തമായ കമന്റുകളുമായി എത്തിയത്. 'ഈ വരിയൊന്നും ഒരു വരിയേ അല്ല. ജോലി കിട്ടാൻ വേണ്ടി ആളുകൾ കഷ്ടപ്പെടുകയാണ്' എന്ന് പറഞ്ഞവരുണ്ട്. അതുപോലെ ഒരാൾ കുറിച്ചത്, 'ഇതാണോ നീണ്ട നിര, ഒരു കനേഡിയൻ ഗ്രോസറി സ്റ്റോറിലേക്കുള്ള ജോലിക്ക് അപേക്ഷിച്ച് നോക്കിയാൽ മതി, നിങ്ങൾക്ക് ഇതിലും വലിയ ക്യൂ തന്നെ കാണാൻ സാധിക്കും' എന്നാണ്. മറ്റൊരാൾ വളരെ രസകരമായ ഒരു കമന്റാണ് ഇട്ടത്. അതിങ്ങനെയാണ്, 'എഞ്ചിനീയറിംഗ് പഠിച്ചാൽ മതി, എല്ലാം ശരിയാവും എന്നു പറഞ്ഞ നിങ്ങളുടെ ഒരു അങ്കിൾ ഉണ്ടല്ലോ? അദ്ദേഹമിപ്പോൾ എവിടെയാണ്'.
എന്തായാലും, വീഡിയോ വിവിധ സോഷ്യൽ മീഡിയോ പ്ലാറ്റ്‍ഫോമുകളിലൂടെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം