ചേട്ടാ ഇവിടെയുമൊരു ടിക്കറ്റ്; ബസ്സിൽ കയറി ഇറങ്ങാൻ തയ്യാറാവാതെ കുരങ്ങൻ, ഭയന്ന് ചാടിയിറങ്ങി യാത്രക്കാർ
കുരങ്ങനെ എങ്ങനെയെങ്കിലും പുറത്താക്കുന്നതിന് വേണ്ടി എല്ലാവരോടും ബസിൽ നിന്നും ഇറങ്ങാൻ ഒരു ഘട്ടത്തിൽ ഡ്രൈവറും പറയുന്നുണ്ട്. എന്നാൽ, കുരങ്ങനുണ്ടോ വല്ല കുലുക്കവും?
കുരങ്ങന്മാരുടെ വീഡിയോകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അവയുടെ കുസൃതികളാവാം, വികൃതികളാവാം, അവയെ കൊണ്ടുള്ള ഉപദ്രവങ്ങളാകാം, അങ്ങനെ പലതുമാകാം. ഇപ്പോൾ ലഖ്നൗവിൽ നിന്നുമുള്ള ഒരു വീഡിയോ അതുപോലെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതുവഴി ഓടിക്കൊണ്ടിരുന്ന ഒരു ബസ്സിൽ കുരങ്ങൻ കയറിയതാണ് സംഭവങ്ങളുടെ തുടക്കം. അത് കണ്ടതോടെ അതിലിരുന്ന യാത്രക്കാർ ആകെ പരിഭ്രാന്തരായി. വീഡിയോ തുടങ്ങുമ്പോൾ തന്നെ കുരങ്ങൻ ഒരു സീറ്റിന്റെ മുകളിൽ കയറിയിരിക്കുന്നതായി കാണാം. സീറ്റിലിരിക്കുന്ന ഒരാളുടെ മുകളിലായിട്ടാണ് കുരങ്ങൻ ഇരിക്കുന്നത്. ബസിൽ കുരങ്ങൻ സീറ്റ് പിടിച്ചതോടെ ആളുകളെല്ലാം പതിയെ ബസിൽ നിന്നും ഇറങ്ങി തുടങ്ങി.
പിന്നെ കാണുന്നത് ആളുകൾ ഓരോന്നായി ബസിൽ നിന്നും ഇറങ്ങിപ്പോകുന്നതാണ്. വീഡിയോ പിടിക്കുന്നയാൾ ബസിന്റെ കണ്ടക്ടറാണ് എന്ന് തോന്നിക്കുന്ന ഒരാളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. അയാൾ പറയുന്നത് കുരങ്ങൻ ബസിൽ കയറി, എന്നാൽ എത്ര ശ്രമിച്ചിട്ടും അത് ഇറങ്ങിപ്പോകാൻ തയ്യാറാവുന്നില്ല എന്നാണ്. അതോടെ ബസിലുണ്ടായിരുന്ന ആളുകൾ ആകെ ഭയപ്പെട്ട് തുടങ്ങി. അങ്ങനെയാണ് അവർ ബസിൽ നിന്നും ഇറങ്ങിയത്. എന്നാൽ, കുരങ്ങൻ ആരേയും ഉപദ്രവിച്ചിട്ടില്ല എന്നും കണ്ടക്ടർ പറയുന്നു.
കുരങ്ങനെ എങ്ങനെയെങ്കിലും പുറത്താക്കുന്നതിന് വേണ്ടി എല്ലാവരോടും ബസിൽ നിന്നും ഇറങ്ങാൻ ഒരു ഘട്ടത്തിൽ ഡ്രൈവറും പറയുന്നുണ്ട്. എന്നാൽ, കുരങ്ങനുണ്ടോ വല്ല കുലുക്കവും? അത് സീറ്റിലിരുന്ന മനുഷ്യന്റെ തോളിൽ തന്നെ ഇരിക്കുകയാണ്. ആളുകൾ മുഴുവനുമിറങ്ങിയിട്ടും കുരങ്ങൻ ഇറങ്ങിയില്ലെന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.
അതേസമയം ലഖ്നൗവിൽ വിവിധ മൃഗങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കൂടി വരികയാണ്. തെരുവുനായകളെ കൊണ്ടാണ് കൂടുതൽ ഉപദ്രവമെങ്കിലും കുരങ്ങന്മാരുടെയും പൂച്ചകളുടെയും ഉപദ്രവവും നഗരത്തിലുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം