ഭയക്കാതെന്ത് ചെയ്യും? ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ, 'ലോകാവസാനം' എന്ന് പോസ്റ്റ്
പ്രദേശത്തെ കർഷകരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. കാരണം വലിയ തരത്തിൽ ഇവ വിളകൾ നശിപ്പിക്കും എന്നത് തന്നെ.
വെട്ടുക്കിളികളെ പോലെ കർഷകർക്ക് പേടിയുള്ളൊരു ജീവി കാണില്ല. കാരണം കൂട്ടമായെത്തുന്ന ഇവ വലിയ നാശമാണ് വിതയ്ക്കാറ്. പല രാജ്യങ്ങളിലും വെട്ടുക്കിളിക്കൂട്ടത്തിന്റെ അക്രമത്തെ തുടർന്ന് വലിയ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അനുകൂലമായ പരിസ്ഥിതിയാണെങ്കിൽ വളരെ പെട്ടെന്നാണ് ഇവ വംശവർധന നടത്തുന്നത്. അതിനാൽ തന്നെ പലപ്പോഴും ഇവയുടെ അക്രമണം കൂട്ടത്തോടെയായിരിക്കും.
ഇപ്പോഴിതാ മെക്സിക്കോയിൽ നിന്നും ആയിരക്കണക്കിന് വെട്ടുക്കിളികൾ പാറിനടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവ അവിടെയുള്ള പഴങ്ങളുണ്ടാകുന്ന വിവിധ മരങ്ങൾ നശിപ്പിക്കുകയും അപാർട്‍മെന്റുകളുടെയും വിവിധ കെട്ടിടങ്ങളുടെയും വാതിലിലും ജനലുകളിലും ഒക്കെ ഇടിക്കുകയും ചെയ്യുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധിപ്പേരാണ് ഇവിടെ നിന്നും വീഡിയോയും ചിത്രങ്ങളും പങ്ക് വച്ചിരിക്കുന്നത്. ഒരാൾ എഴുതിയിരിക്കുന്നത് 'ലോകത്തിന്റെ അവസാനം' എന്നാണ്.
കനത്ത മഴയും ഈർപ്പവുമാണ് ഇത്രയധികം വെട്ടുക്കിളികളെത്തിയതിന് കാരണമായി കരുതുന്നത്. പ്രദേശത്തെ കർഷകരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. കാരണം വലിയ തരത്തിൽ ഇവ വിളകൾ നശിപ്പിക്കും എന്നത് തന്നെ. 2020 -ൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, സൊമാലിയ, കെനിയ, ജിബൂട്ടി, എറിത്രിയ, ടാൻസാനിയ, സുഡാൻ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നിവ വെട്ടുക്കിളി കൂട്ടത്തെ കൊണ്ട് കഷ്ടപ്പെട്ടിരുന്നു. അവ വിളകളൊന്നാകെ അക്രമിക്കുകയും കനത്ത ഭക്ഷ്യക്ഷാമത്തിന് ഇത് കാരണമായിത്തീരുകയും ചെയ്തു.
ഈ വെട്ടുക്കിളിക്കൂട്ടങ്ങൾ പിന്നീട് വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലേക്കും താർ മരുഭൂമിയിലേക്കും നീങ്ങുകയായിരുന്നു. പിന്നാലെ, ഇവയുടെ അക്രമം വൻനാശത്തിലേക്ക് നയിച്ചതോടെ പാക്കിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടി വന്നു. ഇന്ത്യയും ഇവയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടില്ല. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 2020 ജൂണിലാണ് വെട്ടുകിളിക്കൂട്ടത്തിന്റെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായിക്കാം: കുടിക്കും മുമ്പേ പാമ്പാവും; ഇത് നല്ല വിഷപ്പാമ്പിനെയിട്ടുവച്ച വിസ്‍കി..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം