11 -കാരൻ വിമാനം പറത്തി, സമീപത്തിരുന്ന് ബിയർ കഴിച്ച് അച്ഛൻ, പിന്നാലെ അപകടവും ദാരുണാന്ത്യവും
42 -കാരനായ ബ്രസീൽ സ്വദേശി ഗാരോൺ മയയും അദ്ദേഹത്തിന്റെ മകൻ ഫ്രാൻസിസ്കോ മായയും ആണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്.
11 വയസുകാരൻ പറത്തിയ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. അതേസമയം പ്രായപൂർത്തിയാകാത്ത മകൻ വിമാനം പറത്തവെ അച്ഛൻ സമീപത്തിരുന്ന് ബിയർ കഴിക്കുന്ന വീഡിയോ പുറത്ത് വന്നു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈറലാവുന്ന വീഡിയോയിൽ മകൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അച്ഛൻ സമീപത്തിരുന്ന് മകന് നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. അച്ഛൻ ആ സമയത്തെല്ലാം ബിയർ കഴിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ വിമാനം തകർന്ന് അച്ഛനും മകനും മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
42 -കാരനായ ബ്രസീൽ സ്വദേശി ഗാരോൺ മയയും അദ്ദേഹത്തിന്റെ മകൻ ഫ്രാൻസിസ്കോ മായയും ആണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. ഭർത്താവും മകനും അപകടത്തിൽ പെട്ട് മരിച്ച് സംസ്കാരം കഴിഞ്ഞ ഉടനെ തന്നെ ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്കും ജീവനൊടുക്കി.
റിപ്പോർട്ടുകൾ പ്രകാരം റോണ്ടോണിയ നഗരമായ നോവ കോൺക്വിസ്റ്റയിലെ ഒരു ഫാമിലി ഫാമിൽ നിന്നാണ് ഗാരോണിന്റെ വിമാനം പറന്നുയർന്നത്. പിന്നീട്, ഇന്ധനം നിറയ്ക്കാൻ വിൽഹേന വിമാനത്താവളത്തിൽ നിർത്തി. പിന്നീട്, കാംപോ ഗ്രാൻഡെ എന്ന സ്ഥലത്തേക്ക് തിരികെ വരാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെയാണ് മകനും ഭാര്യയും താമസിക്കുന്നത്.
എന്നാൽ, അധികം വൈകാതെ വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനം കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടെടുത്തത്. അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.