തുറസായ പാര്‍ക്കിംഗിൽ നിർത്തിയിട്ട ആഡംബര കാറിന്‍റെ വിൻഡ്ഷീൽഡ് തല്ലിപ്പൊളിച്ച് യുവാവ്, കാരണം...
വന്‍ തുക ചെലവിട്ട് വാങ്ങിയ ആഡംബര കാറിന്‍റെ വിന്‍ഡ് ഷീല്‍ഡ് അടിച്ച് പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഒട്ടും മടി കാണിച്ചില്ല ഈ പിതാവ്
ടെക്സാസ്: കൊടും ചൂടില്‍ കാറിനകത്ത് മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് കുടുങ്ങിയാല്‍ എന്ത് ചെയ്യും. ഒരു നിമിഷത്തെ അശ്രദ്ധയില്‍ കാറിന്‍റെ കീയും കാറിനകത്ത് കുടുങ്ങുക കൂടി ചെയ്താല്‍ മാതാപിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതിന് മാതൃകയായി ടെക്സാസിലെ യുവ ദമ്പതികള്‍. വന്‍ തുക ചെലവിട്ട് വാങ്ങിയ ആഡംബര കാറിന്‍റെ വിന്‍ഡ് ഷീല്‍ഡ് അടിച്ച് പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഒട്ടും മടി കാണിച്ചില്ല ടെക്സാസിലെ ഹര്‍ലിന്‍ജെന്‍ സ്വദേശിയായ ഈ പിതാവ്.
യുവാവ് കാറിന്‍റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ക്കുന്നത് കണ്ട് സ്ഥലത്തെത്തിയ ആളുകളും സാഹചര്യം മനസിലാക്കിയതോടെ നോക്കി നില്‍ക്കാതെ സഹകരിച്ചതോടെ രക്ഷപ്പെടുത്താനായത് പിഞ്ചുകുഞ്ഞിന്‍റെ ജീവനായിരുന്നു. ബുധനാഴ്ച ടെക്സാസിലെ ഒരു ഗ്രോസറി സ്റ്റോറിന്‍റെ കാര്‍ പാര്‍ക്കിംഗിലാണ് സംഭവം നടന്നത്. പതിവിലും അധികം ചൂടുള്ള ദിവസം തുറസായ ഇടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് കുഞ്ഞ് കുടുങ്ങിയത്. കുഞ്ഞ് അകത്ത് കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞതിന് തൊട്ട് പിന്നാലെ കിട്ടിയ കമ്പിയെടുത്ത് വിന്‍ഡ് ഷീല്‍ഡ് അടിച്ച് പൊളിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ വൈറലായ വീഡിയോയില്‍ കാണാം. ഏറെ നേരം ശ്രമിച്ചിട്ടും അകത്ത് കയറാന്‍ സാധിക്കുന്ന രീതിയില്‍ വിടവുണ്ടാകാതെ വന്നതോടെ കാഴ്ചക്കാരില്‍ നിന്നും ആളുകള്‍ യുവാവിന് സഹായവുമായി എത്തുന്നുണ്ട്.
പിന്നാലെ കിട്ടിയ ഗ്യാപ്പിലൂടെ കാറിനകത്ത് കടന്ന ഒരാള്‍ കുഞ്ഞിനെ പിതാവിന്‍റെ കൈകളിലക്ക് നല്‍കുന്നതും കാണാന്‍ സാധിക്കും. സംഭവത്തില്‍ അല്‍പം പരിഭ്രാന്തനായെന്നതല്ലാതെ കുഞ്ഞിന് മറ്റ് പരിക്കുകള്‍ ഇല്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തെടുത്ത ഉടന്‍ തന്നെ കുഞ്ഞിനെ ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ച് മറ്റ് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കളുടെ അപകടകരമായ അശ്രദ്ധയില്‍ നിലവില്‍ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വീഡിയോ വൈറലായതോടെ സംഭവം കണ്ട് കാഴ്ചക്കാരി നില്‍ക്കാതിരുന്ന ആളുകള്‍ക്കും മറ്റൊന്നും ചിന്തിക്കാതെ പെട്ടന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പിതാവിനേയും നിരവധി പേരാണ് പ്രശംസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം