ഒരൊറ്റ ആംഗ്യം, നടന്നടുക്കുന്ന പശുക്കൂട്ടത്തിന്റെ വരവ് തടഞ്ഞ് യുവാവ്, ഇതെന്ത് മറിമായമെന്ന് സോഷ്യല്‍ മീഡിയ
പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്തതാണ്. പശുക്കളുടെ കൂട്ടം അവിടെ നിൽക്കുകയാണ്. താഴോട്ട് പോകാതെ അയാൾ പശുക്കൂട്ടത്തെ തടഞ്ഞു എന്ന് അർത്ഥം.
മൃഗങ്ങളെ പേടിയുള്ളവരാണ് നമ്മിൽ പലരും. ചില സാഹചര്യങ്ങളില്‍ ഏത് തരത്തിലുള്ള മൃഗങ്ങള്‍ വന്നാലും നമുക്ക് പേടിയാവും. എന്നാൽ, ഇപ്പോൾ വൈറലാവുന്നത് ഒരൊറ്റ ആംഗ്യത്തിലൂടെ തനിക്കുനേരെ നടന്നടുക്കുന്ന ഒരുകൂട്ടം പശുക്കളുടെ വരവ് നിർത്തിയ ഒരു സൈക്ലിസ്റ്റിന്റെ വീഡിയോ ആണ്.
ഇംഗ്ലണ്ടിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവ്വതമായ ഗ്രേറ്റ് ഡൺ ഫെല്ലിലൂടെ സൈക്ലിംഗ് നടത്തുകയായിരുന്നു ആൻഡ്രൂ ഒ'കോണർ എന്ന യുവാവ്. അതിനിടയിൽ ഒരു സ്നാക്ക് കഴിക്കാൻ വേണ്ടി നിർത്തിയതായിരുന്നു അയാൾ. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അത് സംഭവിച്ചത്. അയാൾക്ക് നേരെ ഒരുകൂട്ടം പശുക്കൾ വേഗത്തിൽ നടന്നടുക്കുന്നു. ഒരു കർഷകനാകട്ടെ യുവാവിനോട് താഴേക്ക് പോകാതെ തന്റെ പശുക്കളെ തടയൂ എന്നും അപേക്ഷിക്കുന്നുണ്ട്. താൻ എന്താണ് അതിന് ചെയ്യുക എന്ന് അന്തിച്ച് നിൽക്കുകയാണ് യുവാവ്. എന്നാൽ പിന്നീട് അയാൾ പശുക്കളോട് ദയനീയമായി രണ്ട് കയ്യും കൊണ്ട് ആംഗ്യ കാണിച്ച ശേഷം സ്റ്റോപ്പ് എന്ന് പറയുകയാണ്.
എന്നാൽ, പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്തതാണ്. പശുക്കളുടെ കൂട്ടം അവിടെ നിൽക്കുകയാണ്. താഴോട്ട് പോകാതെ അയാൾ പശുക്കൂട്ടത്തെ തടഞ്ഞു എന്ന് അർത്ഥം. നമുക്ക് എന്നല്ല ആ യുവാവിന് പോലും സംഭവിച്ചത് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ബൈക്ക് റൈഡിനിടയിൽ തനിക്ക് സംഭവിച്ച തീർത്തും വിചിത്രമായ സംഭവം എന്നാണ് സൈക്ലിസ്റ്റായ യുവാവ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത് തന്നെ.
വീഡിയോ വൈറലായതിന് പിന്നാലെ അയാൾ കർഷകന്റെ മകളെ കോണ്ടാക്ട് ചെയ്തിരുന്നു. തങ്ങളുടെ പശുക്കൾ പ്രശസ്തമായതിൽ അവൾ അതിയായ സന്തോഷം പ്രകടിപ്പിച്ചു എന്ന് ആൻഡ്രൂ പറയുന്നു. വളരെ പെട്ടെന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ വൈറലായത്. നിരവധിപ്പേർ അതിന് കമന്റുകളുമായും എത്തി.