വീഡിയോ കണ്ടത് ഒരു മില്ല്യൺ പേർ, അപ്രതീക്ഷിതമായി ഭൂമിക്കടിയിൽ നിന്നും മുതലകൾ പുറത്തേക്ക്, ഭയന്ന് നാട്ടുകാര്‍!
അത്ഭുതകരമെന്നു പറയട്ടെ, മുതലകളെ നീക്കം ചെയ്യുന്നതിനിടയിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടുത്തെ താമസക്കാർ പറയുന്നത് ഭൂമിക്കടിയിൽ നിന്നും നിരന്തരം ശബ്ദം കേട്ടതിനെ തുടർന്ന് അവർ ആകെ പരിഭ്രാന്തരായിപ്പോയി എന്നാണ്.
തങ്ങളുടെ തൊട്ടടുത്ത് തകർന്ന നടപ്പാതയുടെ താഴെയായി തങ്ങളറിയാതെ മുതലകൾ കഴിയുന്നുണ്ട് എന്ന വിവരം ആളുകളെ പേടിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. അതുപോലെ ഒരു വിചിത്രമായ അനുഭവം ഇവിടുത്തുകാർക്കും ഉണ്ടായി. നടപ്പാതയുടെ കീഴിൽ നിന്നും ഭയാനകമായ ശബ്ദം കേട്ടതോടെയാണ് ആദ്യം നാട്ടുകാർ ഭയന്നത്. പിന്നാലെയാണ് അപ്രതീക്ഷിതമായി മുതലകളെ കണ്ടെത്തുന്നത്. മുതലകളെ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തകർന്ന ഒരു കോൺക്രീറ്റ് റോഡിന്റെ അടിയിൽ നിന്നും മുതലകൾ മുകളിലേക്ക് വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അതും വലിയ മുതലകൾ. ചുവന്ന വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച ജോലിക്കാർ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മുതലയെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, അതേസമയത്ത് തന്നെ ഒട്ടും വിട്ടു കൊടുക്കാൻ മുതല തയ്യാറാവുന്നില്ല. അത് ശക്തമായി പ്രതിരോധിക്കുന്നത് കാണാം. കയറിൽ നിന്നും വിടുവിക്കാനും സ്വതന്ത്രമാവാനും അത് ശ്രമിക്കുന്നുണ്ട്.
ഈ മുതലയെ എങ്ങനെ എങ്കിലും വരുതിയിലാക്കാൻ ജോലിക്കാർ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു മുതല കൂടി ഉയർന്നുവന്നത്. അത് വാ പിളർത്തിയും മറ്റും ഇവിടെ നിൽക്കുന്നവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. സംഭവം റെക്കോർഡ് ചെയ്യുന്നയാളും അതുപോലെ, മുതലയിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ട് അടുത്തുള്ള ഒരു തൂണിനു മുകളിൽ അഭയം കണ്ടെത്തുന്നത്. മൊത്തം മൂന്ന് മുതലകളാണ് ഇവിടെ ഉണ്ടായത്.
അത്ഭുതകരമെന്നു പറയട്ടെ, മുതലകളെ നീക്കം ചെയ്യുന്നതിനിടയിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടുത്തെ താമസക്കാർ പറയുന്നത് ഭൂമിക്കടിയിൽ നിന്നും നിരന്തരം ശബ്ദം കേട്ടതിനെ തുടർന്ന് അവർ ആകെ പരിഭ്രാന്തരായിപ്പോയി എന്നാണ്. എന്നാൽ, പിന്നെയാണ് ഭൂമിക്കടിയിൽ ഉള്ളത് മുതലകളാണ് എന്ന് മനസിലായത്.
mksinfo.official ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്ക് വച്ചത്. എവിടെയാണ്, എപ്പോഴാണ് സംഭവം എന്നത് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.