ചെളിയിൽ താഴ്ന്നു പോയി പശു, രക്ഷകരായി ബൈക്ക് റൈഡേഴ്സ്; സോഷ്യൽ മീഡിയയിൽ വൻ അഭിനന്ദനം ഏറ്റുവാങ്ങിയ വീഡിയോ
കോരിച്ചൊരിയുന്ന മഴയിൽ റോഡരികിൽ വീണുകിടക്കുന്ന ഒരു പശുവിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഉടൻ തന്നെ രണ്ട് ചെറുപ്പക്കാർ അതിനരികിൽ എത്തുകയും പശുവിനെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു.
നന്മവറ്റിയ ലോകം എന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും നല്ലവരായ ആളുകൾ ഇന്നും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. മഴയിൽ ചെളിക്കുണ്ടായ റോഡരികിൾ നാലു കാലുകളും ചെളിയിൽ താഴ്ന്നുപോയി മൃതപ്രാണനായ ഒരു പശുവിനെ ബൈക്ക് റൈഡേഴ്സ് ആയ രണ്ട് ചെറുപ്പക്കാർ ചേർന്ന് രക്ഷപെടുത്തുന്നതിന്റെ വീഡിയോ ആണിത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. സഹാനുഭൂതിയുള്ള നിരവധി മനുഷ്യർ ഇപ്പോഴും നമുക്കിടയിലുണ്ട് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ആനി അരുൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കൊപ്പം സംഭവത്തിന്റെ വിശദമായ കുറിപ്പും ചേർത്തിരുന്നു.
കർണാടകയിലെ ഉഡുപ്പിയിലെ ഒരു ഗ്രാമമായ അമാസെബൈലുവിലൂടെ സഞ്ചരിക്കുമ്പോഴാണത്രേ ബൈക്ക് റൈഡേഴ്സ് ആയ ഈ ചെറുപ്പക്കാർ വഴിയരികിൽ മണ്ണിൽ താഴ്ന്നുപോയ നിലയിൽ ഒരു പശുവിനെ കണ്ടത്. ഉടൻ തന്നെ അവർ വാഹനം നിർത്തി മണ്ണിൽ നിന്നും പശുവിനെ വലിച്ചു കയറ്റി രക്ഷപെടുത്തുകയായിരുന്നു. ഒരു വഴിയോര കച്ചവടക്കാരനും സമീപവാസിയായ ഒരു സ്ത്രീയും തങ്ങളെ സഹായിക്കാൻ എത്തിയെന്നും പോസ്റ്റിൽ പറയുന്നു. ഇരുവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
കോരിച്ചൊരിയുന്ന മഴയിൽ റോഡരികിൽ വീണുകിടക്കുന്ന ഒരു പശുവിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഉടൻ തന്നെ രണ്ട് ചെറുപ്പക്കാർ അതിനരികിൽ എത്തുകയും പശുവിനെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു. അപ്പോഴാണ് പശുവിന്റെ നാല് കാലുകളും ചെളിയിൽ താഴന്നുപോയ നിലയിലാണെന്ന് അവർക്ക് മനസ്സിലായത്. തുടർന്ന് അവർ പശുവിനെ എടുത്തുയർത്തി രക്ഷപെടുത്താൻ ശ്രമം നടത്തുന്നു.
ഇതു കണ്ട് അവിടെയുണ്ടായിരുന്ന ചിലർകൂടി ചെറുപ്പക്കാരുടെ സഹായത്തിനെത്തുന്നു. ഒടുവിൽ എല്ലാവരും ചേർന്ന് പശുവിനെ എടുത്തുയർത്തി എഴുന്നേൽപ്പിച്ച് വിടുന്നതാണ് വീഡിയോ. ദൃശ്യങ്ങൾ വൈറലായതോടെ വലിയ അഭിനന്ദനമാണ് ചെറുപ്പക്കാരുടെ നല്ല മനസ്സിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.