പുതിയ സ്വകാര്യത നയം ഉടൻ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ്; അംഗീകരിക്കാത്തവർക്ക് സേവനം തടയില്ല
പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നയം നടപ്പാക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കാനാകില്ലെന്നും നയം അംഗീകരിക്കാത്തവർക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
ദില്ലി: വിവാദമായ പുതിയ സ്വകാര്യത നയം ഡാറ്റ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ് കമ്പനി. പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നയം നടപ്പാക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കാനാകില്ലെന്നും നയം അംഗീകരിക്കാത്തവർക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും വാട്സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരായി കോമ്പറ്റീഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫേസ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഹരീഷ് സാല്‍വെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാനമായ വാദമാണ് ഉയര്‍ത്തിയത്.
സ്വകാര്യത ലംഘിക്കപ്പെടുന്നതിലും വാട്സാപ്പിലെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതിലുമാണ് നയത്തിനെതിരെ വിമർശനമുയർന്നത്. അതേസമയം ഐടി നയത്തിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയില്‍ പരിഗണിക്കണമെന്ന ഹർജി ജൂലൈ 16 ന് പരിഗണിക്കും. കേന്ദ്രസർക്കാരാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona