Vacuum Bomb : 'വാക്വം ബോംബ്' - എന്താണ് റഷ്യ യുക്രെയിനിൽ പ്രയോഗിച്ചു എന്ന് പറയപ്പെടുന്ന ഈ മാരകായുധം?
ലോകത്തിലെ സംഘർഷ മേഖലകളിൽ എപ്പോഴൊക്കെ വാക്വം ബോംബ് പ്രയോഗിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ അത് വലിയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
യുക്രൈനിൽ യുദ്ധം അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇരുപക്ഷത്തും ആൾനാശമുണ്ടായതിന്റെയും, കവചിത വാഹനങ്ങളും, സൈനിക ആസ്ഥാനങ്ങളും ജനവാസകേന്ദ്രങ്ങളും അടക്കം തകർക്കപ്പെട്ടതിന്റെയും വാർത്തകളും പുറത്തുവരികയാണ്. അതിനിടെ, വെളിപ്പെട്ട മറ്റൊരു ഞെട്ടിക്കുന്ന വാർത്ത റഷ്യ, യുക്രെയിനിലെ നിരപരാധികളായ നാട്ടുകാർക്കുമേൽ വാക്വം ബോംബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തെർമോ ബാറിക് ബോംബുകൾ പ്രയോഗിച്ചു എന്നതാണ്. ഏതാണ്ട് അതേ വലിപ്പത്തിലുള്ള ഏതൊരു സാധാരണ ബോംബിനെക്കാളും നാലിരട്ടി പ്രഹരശേഷിയുണ്ട് എന്നതിനാൽ ലോകത്തിലെ സംഘർഷ മേഖലകളിൽ എപ്പോഴൊക്കെ വാക്വം ബോംബ് പ്രയോഗിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ അത് വലിയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
എന്താണ് വാക്വം ബോംബ് ?
ഈ ബോംബിങ് എയ്‌റോസോൾ ബോംബ് എന്ന മറ്റൊരു പേരുകൂടി ഉണ്ട്. ഫ്യൂവൽ എയർ ബോംബ് എന്നും ഇതിനെ വിളിച്ചുപോരുന്നു. അങ്ങനെ വിളിക്കാനുള്ള കാരണം ഈ ബോംബിലെ രണ്ടിനം വിസ്ഫോടക സാമഗ്രികൾ നിറച്ച ഫ്യൂവൽ കണ്ടെയ്നർ ആണ്. വാക്വം ബോംബിനെ റോക്കറ്റായി തൊടുത്തു വിടാനോ, വിമാനത്തിൽ നിന്ന് ബോംബ് ആയി ഇടാനോ ഒരുപോലെ സാധിക്കും. ബോംബ് ട്രിഗർ ആയാലുടൻ അതിനുള്ളിലെ ഫ്യൂവൽ കണ്ടെയ്നറിൽ നിന്ന് ഇന്ധനം ചുറ്റുപാടും നിമിഷ നേരത്തിനുള്ളിൽ പരക്കെ പ്രസരിക്കും. ആകെ ഒരു മേഘം മൂടിയ അവസ്ഥയാകും. ഈ ഫ്യൂവൽ പൂർണമായും സീൽ ചെയ്തിട്ടില്ലാത്ത ഏതൊരു കെട്ടിടത്തിനുള്ളിലും പ്രവേശിക്കും. ഈ ഘട്ടത്തിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടാവുക. ഇങ്ങനെ ഫ്യൂവൽ മേഘം പ്രവേശിച്ച ഇടങ്ങളെ എല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു വമ്പൻ തീഗോളമാണ് പിന്നീടുണ്ടാവുക. ഈ സ്ഫോടനത്തോടെ ജനിക്കുന്നത് അതിശക്തമായ ഒരു ബ്ലാസ്റ്റ് വേവ് അഥവാ സ്ഫോടനതരംഗം ആണ്. അതുണ്ടാവുന്നതോടെ ആ പ്രദേശത്തെ ഓക്സിജൻ ഒറ്റയടിക്ക് ഇല്ലാതാവും. ബലവത്തായ കെട്ടിടങ്ങൾ തകർക്കാനും സ്‌ഫോടനത്തിന്റെ പരിധിക്കുള്ളിൽ പെട്ടുപോവുന്ന സകല ജീവജാലങ്ങളും കൊല്ലപ്പെടാനും ഇത് കാരണമാവും.
2003 -ൽ 9800 കിലോഗ്രാം ഭാരമുള്ള ഇത്തരത്തിലുള്ള ഒരു ബോംബ് നിർമിച്ച് അമേരിക്ക അതിനെ 'മദർ ഓഫ് ഓൾ ബോംബ്‌സ്' എന്ന് വിളിച്ചപ്പോൾ അതിലും ശക്തമായ മറ്റൊന്നുണ്ടാക്കി നാലുവർഷത്തിനുള്ളിൽ റഷ്യയും അതിനെ 'ഫാദർ ഓഫ് ഓൾ ബോംബ്‌സ്' എന്ന് പേരിടുന്നു. 44 ടൺ ഭാരമുള്ള ഒരു ബോംബിനോളം പോന്ന സ്ഫോടനമാണ് ഈ ബോംബുകൊണ്ട് ഉണ്ടായത്. ഇത് ആറ്റം ബോംബ് കഴിഞ്ഞാൽ ഏറ്റവും മാരകമായ വിസ്ഫോടക സാമഗ്രിയാണ്. അടഞ്ഞ ഇടങ്ങളിൽ ഒളിച്ചിരിക്കുന്നവരെ വധിക്കാൻ ഈ ബോംബുകൾ വളരെ അധികമായി ഉപയോഗിച്ച് വരുന്നു.
യുക്രൈനിൽ പൊട്ടിച്ചോ വാക്വം ബോംബ് ?
അമേരിക്കയിലെ യുക്രൈൻ അംബാസഡർ ആയ ഓക്‌സാന മാർക്കറോവ് ആണ് ഇങ്ങനെ വാക്വം ബോംബുകൾ റഷ്യ പ്രയോഗിച്ചതായുള്ള ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. ഈ ആക്ഷേപം ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ കുറെ ദിവസങ്ങളിൽ യുക്രൈനിൽ തെർമോ ബാരിക് ബോംബുകൾ വിടുന്ന തരത്തിലുള്ള റോക്കറ്റുകൾ കാണാൻ ഇടയായിട്ടുണ്ട്. ഇതിനു മുമ്പ് അമേരിക്ക വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലെ തോറബോറ മലനിരകളിലും, റഷ്യ നിർമിച്ച വാക്വം ബോംബുകൾ, 1999 ലെ ചെച്നിയ യുദ്ധത്തിലും, സിറിയൻ പോരാട്ടങ്ങളിലും പ്രയോഗിക്കപ്പെട്ടപ്പോൾ മനുഷ്യാവകാശ സംഘടനകൾ അന്ന് അതിൽ വലിയ പ്രതിഷേധം തന്നെ രേഖപ്പെടുത്തിയിരുന്നു. ഒട്ടു പ്രകൃതമെന്നും, മനുഷ്യനെ വളരെ മാരകമായി ബാധിക്കുന്നത് എന്നുമുള്ള തിരിച്ചറിവിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹം 'ആരും എവിടെയും പ്രയോഗിക്കരുത്' എന്നൊരു സാമാന്യ ധാരണയിൽ എത്തി നിൽക്കുന്ന ഈ ആയുധം യുക്രൈനിൽ റഷ്യ പ്രയോഗിച്ചു എന്ന ആരോപണം ശരിയാണെങ്കിൽ അത് നാളെ വളരെ വലിയ വിവാദങ്ങളിലേക്കാണ് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കാൻ പോവുന്നത്.