ടെക്നോപാര്‍ക്കിൽ ടോറസ് ഡൗൺ ടൗൺ പദ്ധതിയുടെ ആദ്യ ഘട്ടം നയാഗ്ര പ്രവര്‍ത്തനം തുടങ്ങി; 10000 പേര്‍ക്ക് ജോലി കിട്ടും
നിലവിൽ പൂർത്തിയായ ആദ്യഘട്ട സമുച്ചയത്തിൽ 13 നിലകളാണ് ഉള്ളത്ത്. ഇതിൽ 6 നിലകളിൽ ഐ ടി കമ്പനികൾ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ടെക്‌നോപാർക്കിൽ ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ആദ്യ ഘട്ടം 'നയാഗ്ര' പ്രവർത്തനം തുടങ്ങി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 10,000 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 50 ലക്ഷം ചതുരശ്രയടിയുടെ പദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പാക്കുന്നത്.
നിലവിൽ പൂർത്തിയായ ആദ്യഘട്ട സമുച്ചയത്തിൽ 13 നിലകളാണ് ഉള്ളത്ത്. ഇതിൽ 6 നിലകളിൽ ഐ ടി കമ്പനികൾ പ്രവര്‍ത്തിക്കും. 1350 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും, രണ്ട് ലോബികൾ, ഫുഡ് കോർട്ട്, ശിശു സംരക്ഷണ കേന്ദ്രം, പുറത്തിരുന്നു വർക്ക് ചെയ്യാൻ ലാൻഡ് സ്‌കേപ്പ് തുടങ്ങി വിശാലമായ സൗകര്യങ്ങളും ഒരുക്കിയത്. വാടകക്ക് നൽകാൻ കഴിയുന്ന ഇടത്തിന്‍റെ 85 ശതമാനം ലീസിംഗ് പൂർത്തിയായതും നേട്ടമാണ്.
പദ്ധതി 2019ലാണ് തുടങ്ങുന്നത്. 15 ലക്ഷം ചതുരശ്ര അടിയിൽ രണ്ടാമത്തെ സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സെൻട്രം ഷോപ്പിംഗ് മാള്‍, ബിസിനസ് ഹോട്ടൽ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. ആകെ 11.45 ഏക്കർ സ്ഥലത്താണ് എംബസി ടെക്സോൺ വരുന്നത്. യുഎസ് ആസ്ഥാനമായ ആഗോള ഡവലപ്പർ കമ്പനിയായ ടോറസാണ് ടെക്നോ പാർക്ക് ഫേസ് മൂന്നിൽ പദ്ധതി നടപ്പാക്കുന്നത്.